കൂടല്‍മാണിക്യം കിഴക്കേനട, ടൈലിട്ടത് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം തെക്കേ ഇടവഴിയുടെ തുടക്കത്തില്‍ കിഴക്കേനടയില്‍ ടൈലിട്ടിരിക്കുന്നത് പൊളിച്ച് പഴയ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ആര്‍ഡിഒ കോടതിയില്‍ ഹര്‍ജി. നടവരമ്പ് കുന്നത്തുവീട്ടില്‍ കെ.ആര്. തങ്കമ്മ, ഇരിങ്ങാലക്കുട സ്വദേശികളായ മാരാത്ത് കാര്ത്തികേയന്, ആലേങ്ങാടന്‍ വീട്ടില്‍ ജയാനന്ദന് എന്നിവരാണു കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍, ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ റോഡ് മുനിസിപ്പാലിറ്റിയില്‍ നിക്ഷിപ്തമാണെന്നും അതിനാല്‍ ഈ വഴിയിലുള്ള തടസങ്ങള്‍ നീക്കി പൂര്‍വ സ്ഥിതിയിലാക്കണമെന്നും 9-2-2017 ല്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഒരു മാസം മുമ്പ് കിഴക്കേനട മുതല്‍ തെക്കോട്ട് തിരിയുംവരെ വഴിയിലെ ടാര്‍ പൊളിച്ച് ഈ ഭാഗത്ത് ടൈല്‍ വിരിക്കുകയും റോഡില്‍ ഹമ്പ് നിര്‍മിക്കുകയും ചെയ്തു. വഴി എതിര്കക്ഷികളുടേതാണെന്നു വരുത്താനും ഗതാഗതം തടസപ്പെടുത്താനും വേണ്ടിയാണ് ഇതു നടത്തിയിരിക്കുന്നതെന്നും എല്ലാ തടസങ്ങളും നീക്കി റോഡ് പഴയ സ്ഥിതിയിലാക്കണമെന്നുമാണു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി സ്വീകരിച്ച കോടതി കൂടല്‍മാണിക്യം ദേവസ്വത്തിനും നഗരസഭയ്ക്കും നോട്ടീസ് നല്കി. ജൂലായ് 29 നാണു നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ സമര്‍പ്പണത്തോടൊപ്പം കിഴക്കേനടയില്‍ ടൈലിട്ടത്. എന്നാല്‍ ഈ കേസ് ക്ഷേത്രത്തോടുള്ള ഒരു വെല്ലുവിളിയാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന് പറഞ്ഞു. കഴിഞ്ഞ ആറേഴ് കൊല്ലമായി ഈ റോഡ് തകര്‍ന്നുകിടക്കുകയായിരുന്നു. വര്‍ഷക്കാലത്ത് ഇവിടെ ചെളിയും വെള്ളവുമാണ്. വേനല്‍ക്കാലത്ത് നിറയെ കുഴികളും ചരലും. ഈ റോഡാണു സ്വകാര്യ സ്ഥാപനം നന്നാക്കിയത്. ഈ റോഡില്‍ ഒരു വാഹനതടസവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.