ചരിത്രപ്രസിദ്ധമായ ആനന്ദപുരം ചെറുപുഷ്പ പള്ളിയില്‍ തിരുനാളിനു കൊടിയേറി
ആനന്ദപുരം: ചരിത്രപ്രസിദ്ധമായ ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. തിരുനാള്‍ നാളെയും മറ്റന്നാളുമായി ആഘോഷിക്കും. തിരുനാള്‍ കൊടിയേറ്റം പറപ്പൂക്കര ഫൊറോന വികാരി ഫാ. തോമസ് പുതുശേരി നിര്‍വഹിച്ചു. നാളെ രാവിലെ നടക്കുന്ന ദിവ്യബലിക്ക് പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജ് ഡയറക്ടര്‍ റവ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍ മുഖ്യകാര്‍മികത്വം വഹിക്കും. എറണാകുളം-അങ്കമാലി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷനല്‍ ഏജന്‍സി ഡയറക്ടര്‍ ഫാ. പോള്‍ ചിറ്റിലപ്പിള്ളി സന്ദേശം നല്‍കും. ദിവ്യബലിക്കു ശേഷം കൂട് തുറക്കല്‍, തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ തുടര്‍ച്ചയായി നാലു ദിവ്യബലികള്‍ ഉണ്ടാകും. തിരുനാള്‍ ദിവസം രാവിലെ 10.30 നു നടക്കുന്ന ദിവ്യബലിക്ക് സഹൃദയ എന്‍ജിനീയറിംഗ് കോളജ് മീഡിയ ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത ചാന്‍സലര്‍ ഫാ. നെവിന് ആട്ടോക്കാരന് തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് ഇടവകയുടെ വിവിധ ഭാഗങ്ങളിലൂടെ കുടിയിരുത്തിയിരിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുസ്വരൂപം ജനപങ്കാളിത്തമില്ലാതെ അലങ്കരിച്ച വാഹനത്തില്‍ എഴുന്നള്ളിക്കും. തിരുനാളിനു ഇടവക വികാരി റവ. ഡോ. ആന്റോ കരിപ്പായി, കൈക്കാരന്മാരായ തോമാസ് ഇല്ലിക്കല്‍, ചാക്കോ അന്തിക്കാടന്‍, ജോയ് മംഗലം എന്നിവര്‍ നേതൃത്വം നല്‍കും.