സമൂഹത്തിന് മാതൃകയായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനു മാതൃകയായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ 2021 പാസ്ഔട്ട് ബാച്ച് വിദ്യാര്‍ഥികള്‍. തങ്ങളുടെ കലാലയത്തില്‍ നിന്നും പുറത്തു പോകുമ്പോള്‍ കോളജിനായി ഒരു ഓപ്പണ്‍ ജിം നിര്‍മിച്ചു നല്കി മറ്റു വിദ്യാര്‍ഥികള്‍ക്കും പരിസരവാസികള്‍ക്കും സാമൂഹിക സേവനത്തിന്റെ ഒരു പുതിയ പാത തുറന്നിരിക്കുകയാണ് ഇവര്‍. കോവിഡ് കാലത്ത് വ്യായാമങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിക്കുക കൂടിയാണ് ഈ ചുണ കുട്ടന്മാര്. ജോണ്‍ വര്‍ഗീസിന്റെ കീഴില്‍ 20 ഓളം യുവ എന്ജീനീയര്മാരുടെ രണ്ടാഴ്ചത്തെ പ്രയത്ന ഫലമായാണ് ഇതു പൂര്‍ത്തിയായത്. ക്രൈസ്റ്റ് ആശ്രമാധിപന് ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളി ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ എന്നിവര്‍ സന്നിഹിതരായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ ഉപയോഗിക്കാവുന്ന നിരവധി ആരോഗ്യ സംരക്ഷണ വ്യായാമ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കു ആവശ്യാനുസരണം നിര്‍മിച്ചു നല്കാന് തയാറാണെന്നു കോളജ് മാനേജ്മെന്റ് അറിയിച്ചു.