സ്കൂട്ടര്‍ യാത്രികനായ 22 കാരനെ ഇടിച്ചു നിറുത്താതെ പോയ കാര്‍ പിടികൂടി
പാലക്കാട് സ്വദേശി അറസ്റ്റില്‍
പരിശോധിച്ചത് തൃശൂര്‍ മുതല്‍ എറണാകുളം വരെയുള്ള ക്യാമറകള്‍
ഇരിങ്ങാലക്കുട:നടവരമ്പ് പള്ളിക്കു സമീപം വച്ച് രാത്രി സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിറുത്താതെ പോയ കാര്‍ പോലീസ് കണ്ടെത്തി. പ്രതിയെ അറസ്റ്റു ചെയ്തു. പാലക്കാട് പട്ടാമ്പി വാടാനംകുറിശ്ശി സ്വദേശി പരപ്പള്ളിയാലില് അരീഷ് (25) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തിന്റേതാണ് കാര്‍. എറണാകുളത്ത് ബന്ധുവീട്ടില്‍ പോകുമ്പോള്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് രാത്രി എട്ടു മണിയോടെയാണ് യാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അതിവേഗതയില്‍ തൃശൂര്‍ ഭാഗത്തു നിന്നും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ഇരിങ്ങാലക്കുട ഭാഗത്തേക്ക് വരികയായിരുന്ന ഊരകം സ്വദേശി മുളങ്ങാട്ട് ആനന്ദ് കൃഷ്ണന്റെ സ്കൂട്ടറില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആനന്ദ് റോഡിലേക്ക് തെറിച്ചു വീണു. കാറിനു പിന്നാലെ വന്ന വാഹനങ്ങള്‍ക്ക് വേഗത കുറവായതും കയറ്റവും ആയതാണ് കൂടുതല്‍ അത്യാഹിതം ഒഴിവായത്. റോഡില്‍ വീണ് ദേഹമാസകലം ഗുരുതര പരുക്കേറ്റ ഇയാളുടെ കൈ ഞെരമ്പ് അറ്റുപോവുകയും ചെയ്തിരുന്നു.. അതു വഴി വന്ന മറ്റു യാത്രക്കാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചതാണ് തുണയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. യാത്രക്കാര്‍ നല്കിയ സൂചനകളും ഇടിച്ച കാറിന്റെ റോഡില്‍ വീണു കിടന്ന ഭാഗങ്ങളും സി.സി.ടി.വി ദൃശ്യങ്ങളുമാണ് കാര്‍ കണ്ടെത്താന്‍ പോലീസിന് സഹായകമായത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇന്‍സ്പെക്ടര്‍ എസ്.പി.സുധീരന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം തൃശൂര്‍ മുതല്‍ എറണാകുളം വരെയുള്ള നൂറ്റമ്പതോളം സി.സി.ടി. ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയും അടര്‍ന്നു വീണ കാറിന്റെ ഭാഗങ്ങള്‍ വച്ചു അന്വേഷണം നടത്തിയുമാണ് കാര്‍ കണ്ടെത്തി പ്രതിയെ പിടികൂടിയത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് വാഹനത്തിന്റെ മോഡല്‍ മനസ്സിലാക്കിയ പോലീസ് എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ വാഹനങ്ങളുടെ രേഖകളാണ് പരിശോധിച്ചത്. തന്റെ കാറിടിച്ച് റോഡില്‍ വീണയാളെ പ്രഥമ ചികിത്സ പോലും നല്കാന് നില്‍ക്കാതെ കാറുമായി കടന്നു കളഞ്ഞ പ്രതിക്കെതിരെ ശക്തമായ നടപടിയാണ് പോലീസ് കൈക്കൊണ്ടത്. എസ്.ഐ. കെ.ഷറഫുദ്ദീന്, സീനിയര്‍ സി.പി.ഒ.മാരായ കെ.വി.ഉമേഷ്, ഷിജിന്‍നാഥ്, കെ.എസ്. ഉമേഷ്, ഇ.എസ്.ജീവന്, ജയപ്രകാശ്, സോണി സേവ്യര്‍ എന്നിവരാണ് പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.