ഭൂരഹിതരില്ലാത്ത കേരളത്തിനായി ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കും
ഇരിങ്ങാലക്കുട: ഭൂരഹിതരില്ലാത്ത കേരളം എന്ന നേട്ടം അഞ്ചു വര്‍ഷത്തിനുള്ളില്‍ കൈവരിക്കുമെന്നും ഇതിന്റെ മുന്നോടിയായുള്ള ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും റവന്യൂ മന്ത്രി കെ രാജന് പ്രസ്ഥാവിച്ചു. എടതിരിഞ്ഞി ചെട്ടിയാല്‍ സെന്ററിലുള്ള വി.വി. രാമന് ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ ഒന്നരലക്ഷത്തോളം കുടുംബങ്ങളെ ബിപിഎല്‍ കാര്‍ഡിന്റെ ഉടമസ്ഥരാക്കാനും 13530 പേരെ ഭൂമിയുടെ ഉടമകളാക്കാ മാറ്റാനും ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി 10,000 പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാനും രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന ഭൂപരിഷ്കരണനടപടികള് പുനര്‍വായനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനസേവന കേന്ദ്രം ചെയര്മാന് പി മണി അധ്യക്ഷത വഹിച്ചു. ക്രിമിനോളജിയില്‍ റാങ്ക് നേടിയ പി എന്‍ സന്ദീപ്, എം എസ് സി ബയോടെക്നോളയില്‍ റാങ്ക് നേടിയ ഗ്രീഷ്മ രാജേഷ്, എല്‍എല്‍ബി ബിരുദം നേടിയ മഹിത അനില്‍കുമാര്‍ എന്നിവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും യൂത്ത് ഫോഴ്സിന്റെ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവന്, സേവന കേന്ദ്രം കണ്‍വീനര്‍ കെ വി രാമകൃഷ്ണന്,കെ ശ്രീകുമാര്‍, എന്‍ കെ ഉദയപ്രകാശ്, കെ സി ബിജു, കെ എസ് രാധാകൃഷ്ണന്, വി ആര് രമേശ്, സുധ ദിലീപ്, ടി വി വിബിന്, വിഷ്ണുശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.