സഹകരണ ബാങ്കുകള്‍ക്കു മുമ്പില്‍ സഹകാരി ജാഗ്രതാ സമരങ്ങള്‍ ബിജെപി നടത്തി

ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ളക്കെതിരെ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 16 സഹകരണ ബാങ്കുകളുടെ ഹെഡ് ഓഫീസുകള്‍ക്കു മുമ്പിലും ബിജെപി സഹകാരി ജാഗ്രത സമരം സംഘടിപ്പിച്ചു. സഹകാരി ജാഗ്രതാ സമരങ്ങളുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സഹകാരികളുടെ പണം നഷ്ടപ്പെടില്ല എന്നു പറയാന്‍ ഇരിങ്ങാലക്കുട എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ കൂടിയായ മന്ത്രി ഡോ. ആര്. ബിന്ദു തയാറാകണമെന്നും മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഇതിനു തയാറായില്ലെങ്കില്‍ മന്ത്രിയെ തടയുന്നതടക്കമുള്ള ജനകീയ സമരങ്ങള്‍ക്കു ബിജെപി തയാറാകുമെന്നും ബി. ഗോപാലകൃഷ്ണന് പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, ജില്ലാ സെക്രട്ടറി കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം സെക്രട്ടറിമാരായ ഷാജൂട്ടന്‍, അഖിലാഷ് വിശ്വനാഥന്, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട്, കൗണ്‍സിലര്‍മാരായ ആര്‍ച്ച അനീഷ്, മായ അജയന്, സരിത സുഭാഷ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരന്തറ, മുനിസിപ്പല്‍ വൈസ് പ്രസിഡന്റുമാരായ ടി.ഡി. സത്യദേവ്, സന്തോഷ് കാര്യാടന്‍ എന്നിവര്‍ നേതൃത്വം നല്കി.