ഉപരിപഠനം പ്രതിസന്ധിയിലായവരുടെ വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വരും
ഇരിങ്ങാലക്കുട: ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ട് ഉപരിപഠനത്തിനും ആനുകൂല്യങ്ങള്‍ നേടാനും തടസങ്ങള്‍ നേരിടുന്ന പടിയൂര്‍ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിലെ 12 ഓളം കുടുംബങ്ങളുടെയും വിദ്യാര്‍ഥികളുടെയും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. പടിയൂര്‍ പഞ്ചായത്തിലെ 13, 14 വാര്ഡുകളിലായിട്ടാണു വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത്. പട്ടികവര്‍ഗത്തിലെ കുറുവ സമുദായത്തില്‍പ്പെട്ടവരാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നതെങ്കിലും ഇതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും ലഭിച്ചിട്ടില്ല. വര്‍ഷങ്ങളായി റവന്യു ഓഫീസുകളിലും ജാതി സാക്ഷ്യപ്പെടുത്തി തരേണ്ട കേന്ദ്ര ഏജന്‍സിയായ കിര്ട്ടാഡ്സിലും തങ്ങള്‍ കയറിയിറങ്ങുകയാണെന്നു വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മന്ത്രിയോടു പറഞ്ഞു. തന്റെ ശ്രദ്ധയില്‍ വന്നത് ഇപ്പോള്‍ മാത്രമാണെന്നും വിഷയത്തിനു പരിഹാരം കാണാന്‍ പരമാവധി ശ്രമിക്കുമെന്നും മന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്കി. എസ്എസ്എല്‍സി ബുക്കിലോ ഏതെങ്കിലും രേഖകളിലോ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തുടര്‍ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഇവ ഉപയോഗപ്പെടുത്തുന്ന തീരുമാനം കഴിഞ്ഞ മന്ത്രിസഭായോഗം എടുത്തിട്ടുണ്ടെന്നും മന്ത്രി ഇവരെ അറിയിച്ചു. വിഷയം പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ ഉടന്‍ കൊണ്ടുവരുമെന്നു മന്ത്രി തുടര്‍ന്ന് മാധ്യമങ്ങളോടു പറഞ്ഞു. സിപിഎം ലോക്കല്‍ സെക്രട്ടറി പി.എ. രാമാനന്ദന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.എസ്. ഗിരീഷ്, കെ.എം. സജീവന് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.