കൂടല്‍മാണിക്യം പടിഞ്ഞാറേ നടപ്പുര നവീകരണത്തിന് ഒരു കോടി രൂപ വേണം
കൂടല്‍മാണിക്യം പടിഞ്ഞാറേ നടപ്പുര നവീകരണം; വേണം, ഒരു കോടി….ഭക്തജനങ്ങളുടെ സഹായം പ്രതീക്ഷിച്ച് ദേവസ്വം
ഇരിങ്ങാലക്കുട: ഏതുസമയത്തും തകര്‍ന്നു വീഴാവുന്നവിധം നില്ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറേ നടപ്പുര നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതി. കഴിഞ്ഞ ദിവസം പടിഞ്ഞാറേ ഊട്ടുപുരയില്‍ ചേര്‍ന്ന ദേവസ്വത്തിന്റെയും ഭക്തജനങ്ങളുടെയും യോഗത്തിലാണു തീരുമാനം. അടുത്ത ജൂണില്‍ പണി തുടങ്ങി 2023 ഉത്സവത്തിനു മുന്നോടിയായി സമര്‍പ്പണം നടത്തും. ഇതിനായി ഭക്തജനങ്ങളില്നിന്നു സാമ്പത്തിക സഹായം സ്വീകരിക്കാനും ഇതിനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങാനുമാണു നീക്കം. നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ദേവസ്വം കണ്‍സള്‍ട്ടന്റ് പ്രഫ. ലക്ഷ്മണന്‍നായര്‍, ആര്‍ക്കിടെക്ട് സൂര്യ പ്രശാന്ത്, അര്ജുന് എന്നിവര്‍ വിശദീകരിച്ചു. ഉത്സവകാലത്ത് പാഠകം, അനുഷ്ഠാനകലകള്‍ എന്നിവയുടെ പ്രധാനവേദിയും ഉത്സവ എഴുന്നള്ളിപ്പില്‍ പഞ്ചാരിമേളത്തിന്റെയും കൂട്ടിഎഴുന്നള്ളിപ്പിന്റെയും കലാശവേദിയുമാണ് ഈ നടപ്പുര. പതിറ്റാണ്ടുകളായി നടപ്പുര അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനാല്‍ ഉത്തരങ്ങളും പട്ടികകളുമെല്ലാം ദ്രവിച്ചുതുടങ്ങി. മേല്‍ക്കൂരയുടെ കിഴക്കേ അറ്റം ഒരടിയോളം മുന്നിലേക്കു തള്ളിയും പടിഞ്ഞാറേ അറ്റത്തെ രണ്ടു തൂണുകളും ചെരിഞ്ഞുമാണു നില്‍ക്കുന്നത്. മഴ പെയ്യുമ്പോള്‍ മേല്‍ക്കൂരയില്‍ നിന്ന് ഈ തൂണുകളിലൂടെ വെള്ളം താഴേയ്ക്ക് ഒഴുകിയിറങ്ങുന്ന അവസ്ഥയിലാണ്. തുടര്‍ന്നാണ് ദേവസ്വം അടിയന്തരമായി ഭക്തജനങ്ങളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ സുഗീത, ബോര്‍ഡ് മെമ്പര്‍മാരായ ഭരതന് കണ്ടേങ്കാട്ടില്‍, പ്രേമരാജന്‍, കെ.ജി. സുരേഷ്, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.