സദനം കൃഷ്ണന്‍കുട്ടിയുടെ പിറന്നാളിന്റെ ഭാഗമായി ‘കൃഷ്ണനാദം’ പരമ്പരയ്ക്കു തുടക്കമായി
ഇരിങ്ങാലക്കുട: കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടിയുടെ 80-ാം പിറന്നാളിന്റെ ഭാഗമായി അശീതി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കൃഷ്ണനാദം’ ആഘോഷപരമ്പരയ്ക്കു തുടക്കമായി. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന്റെ സഹകരണത്തോടെ ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ നേതൃത്വത്തില്‍ കലാനിലയം ഹാളില്‍ സംഘടിപ്പിച്ച അനുമോദനയോഗം മന്ത്രി ഡോ. ആര്. ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി സദനം കൃഷ്ണന്‍കുട്ടിയെ ആദരിച്ചു. കഥകളി ക്ലബ് വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്, അനിയന് മംഗലശേരി, കലാമണ്ഡലം ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കൃഷ്ണഗീതികള്‍ എന്ന പേരില്‍ നടന്ന സംഗീതപരിപാടിയില്‍ കഥകളി-സിനിമാ പിന്നണിഗായിക മീര രാംമോഹന്‍ ശ്രീകൃഷ്ണഗീതങ്ങള് ആലപിച്ചു.