പടിയൂര്‍, പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതിയ പാലം വരുന്നു
ആദ്യം അനുവദിച്ച 35 ലക്ഷം രൂപയുടെ പദ്ധതി കളക്ടര്‍ റദ്ദാക്കി
പായമ്മല്‍: പടിയൂര്‍, പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിയൂര്‍ കോടംകുളം-പുളിക്കല്‍ച്ചിറ പാലത്തിന്റെ പുനര്‍നിര്‍മാണത്തിനു മുന്നോടിയായുള്ള ജിയോളജിക്കല്‍ സര്‍വേ പൂര്‍ത്തിയായി. നിര്‍മാണച്ചുമതലയുള്ള പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണു സ്ഥലത്തെ മണ്ണുപരിശോധനയടക്കം പൂര്‍ത്തിയാക്കിയത്. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ അന്തിമ രൂപരേഖ തയാറാക്കുകയാണെന്നും അതിനുശേഷം ബജറ്റ് തയാറാക്കുമെന്നും ബ്രിഡ്ജസ് വിഭാഗം വ്യക്തമാക്കി. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ ഭാഗവും പടിയൂര്‍ പഞ്ചായത്തിലെ കോടംകുളം പ്രദേശവും ബന്ധിപ്പിക്കുന്ന പടിയൂര്‍-പൂമംഗലം കോള്‍പ്പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന തോടിനു കുറുകെയാണു പാലം. 2018 ലും 2019 ലും പ്രളയത്തില്‍ പാലത്തിന്റെ താഴ്ഭാഗത്തെ വെള്ളം നിന്നതു പ്രദേശത്തെ മുഴുവന്‍ വെള്ളക്കെട്ടിലാഴ്ത്തിയിരുന്നു. നാലമ്പല തീര്‍ഥാടന കാലത്ത് പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തിലെ ദര്‍ശനത്തിനുശേഷം ഭക്തരുടെ വാഹനങ്ങള്‍ മടങ്ങുന്നതും ഇതുവഴിയാണ്. പാലം നിര്‍മിക്കുന്നതിനു മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് നേരത്തെ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, പാലം ഉയര്‍ത്തി വീതി കൂട്ടി നിര്‍മിക്കണമെന്നാവശ്യപ്പെട്ടു പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ ആ പദ്ധതി ഒഴിവാക്കി. ജനങ്ങളുടെ ആവശ്യപ്രകാരം വീതി കൂട്ടി ഉയര്‍ത്തി നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഇതിനായി 2020-21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുഫണ്ടില്‍ നിന്നു സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു. അതേസമയം 35 ലക്ഷം രൂപയുടെ പദ്ധതിയുടെ ഭരണാനുമതി ജില്ലാ കളക്ടര്‍ റദ്ദാക്കി. ഒരുകോടിയുടെ പദ്ധതിക്കു സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ച സാഹചര്യത്തിലാണ് ആദ്യം അനുവദിച്ച പദ്ധതിയുടെ ഭരണാനുമതി കളക്ടര്‍ റദ്ദാക്കിയത്.