അശാസ്ത്രീയ റോഡ് നവീകരണം; പ്രതിഷേധം ഉയരുന്നു
കടുപ്പശേരി: അവിട്ടത്തൂര്‍-പറമ്പി റോഡ് എഴുന്നള്ളത്ത് പാതയിലെ അശാസ്ത്രീയ റോഡ് നവീകരണത്തിനെതിരെ പ്രതിഷേധം ഉയരുന്നു. തകര്‍ച്ച നേരിടുന്ന ചാത്തന്‍ചിറ പാലം പുതുക്കി നിര്‍മിക്കാതെയാണു റോഡ് നവീകരിക്കുന്നത്. മെറ്റല്‍ വിരിച്ച് റോളര്‍ ഓടിച്ചപ്പോള്‍ പാലത്തിന്റെ ഇരുവശവും ഇടിഞ്ഞു. നവീകരണത്തിനു ശേഷം വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം തകരുമെന്ന ആശങ്കയിലാണു നാട്ടുകാര്‍. കാലപ്പഴക്കം കാരണം ശോച്യാവസ്ഥയിലാണു പാലം. വിളക്കുകാല് ജംഗ്ഷന് മുതല്‍ ചാത്തന്‍ചിറ വരെയുള്ള ഭാഗത്തു വെള്ളം ഒഴുകിപോകാന്‍ കാന ഇല്ലാതെയാണു റോഡ് നിര്‍മിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. ഇതു മഴക്കാലത്തു പരിസരത്തെ വീടുകളില്‍ വെള്ളം കയറാന്‍ കാരണമാകും. ചാത്തന്‍ചിറ പാലത്തിനു സമീപത്തെ വളവില്‍ അപകടങ്ങള്‍ പതിവാണ്. സര്‍വേ നടത്തി പുറമ്പോക്കു കണ്ടെത്തി റോഡിലെ വളവ് ഒഴിവാക്കി വീതി കൂട്ടുകയും കാനകള്‍ നിര്‍മിച്ചശേഷം മാത്രം ടാറിംഗ് നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. വേളൂക്കര പഞ്ചായത്തിലെ എട്ട്, ഒമ്പതു വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഈ ഭാഗം ആളൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി കൂടിയാണ്. പാലം പുനര്‍നിര്‍മിച്ച് സര്‍വേ നടത്തി പുറമ്പോക്ക് കണ്ടെത്താതെ റോഡ് നവീകരണം അനുവദിക്കില്ലെന്നു വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാറ്റോ കുര്യന് പറഞ്ഞു