സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും നടപടികള്‍ വേണം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പു വിഷയത്തില്‍ വിമര്‍ശനവുമായി സിപിഎമ്മിന്റെ എരിയ സമ്മേളനം. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികളെ അംഗീകരിക്കുന്നുണ്ടെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതില്‍ വന്ന വീഴ്ച ബാങ്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്നു സമ്മേളന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ബാങ്ക് നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയും നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാനുള്ള നടപടികളും സ്വീകരിക്കണം. വിഷയം സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണെന്നും പുതിയ നിക്ഷേപങ്ങള്‍ അധികം വരുന്നില്ലെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടുണ്ട്. എംഎല്‍എയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദു നടത്തുന്ന ഇടപെടലുകള്‍ക്കു സമ്മേളന പ്രതിനിധികളില്‍ നിന്ന് അനുകൂല പ്രതികരണങ്ങള്‍ ഉണ്ടായി. വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനവും പാലിയേറ്റീവ് രംഗത്തെ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്നും അഭിപ്രായം ഉയര്‍ന്നു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളില്‍ നടക്കുന്ന സിപിഎം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ഏരിയാ കമ്മിറ്റിയംഗം കെ.പി. ദിവാകരന് പതാക ഉയര്‍ത്തി. 14 ലോക്കല്‍ കമ്മിറ്റികളില്‍ നിന്നു 145 പ്രതിനിധികളും 22 ഏരിയാ കമ്മിറ്റിയംഗങ്ങളുമാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കെ.സി. പ്രേമരാജന്‍, ഉല്ലാസ് കളക്കാട്ട്, ഷീജ പവിത്രന്, എ.വി. അജയന് എന്നിവരടങ്ങിയ പ്രസീഡിയമാണു സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. പ്രമേയ കമ്മിറ്റി കണ്‍വീനറായി കെ.ആര്. വിജയ, മിനിറ്റ്സ് കമ്മിറ്റി കണ്‍വീനറായി കെ.കെ. സുരേഷ് ബാബു, രജിസ്ട്രേഷന് കമ്മിറ്റി കണ്‍വീനറായി ഡോ. കെ.പി. ജോര്‍ജ് എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.കെ. രാമചന്ദ്രന് എംഎല്‍എ, പി.കെ. ഡേവിസ്, ജില്ലാ കമ്മിറ്റിയംഗം മന്ത്രി ഡോ. ആര്. ബിന്ദു എന്നിവര്‍ സമ്മേളന നടപടികളില്‍ പങ്കെടുക്കുന്നുണ്ട്. ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാര്‍, സി.ഡി. സിജിത്ത്, ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ശനിയാഴ്ച ഉച്ചവരെ ചര്‍ച്ച തുടരും. ഉച്ചതിരിഞ്ഞു പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും.