കച്ചേരിവളപ്പിലെ ജീര്‍ണാവസ്ഥയിലായിരുന്ന താലൂക്ക് റെക്കോഡ് റൂം പൊളിച്ചുതുടങ്ങി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കച്ചേരിവളപ്പിലെ ജീര്ണാവസ്ഥയില് നിന്നിരുന്ന താലൂക്ക് റെക്കോഡ് റൂം പൊളിച്ചുനീക്കിത്തുടങ്ങി. ദേവസ്വം ലേല നടപടികള്‍ പൂര്‍ത്തിയാക്കിയാണു പൊളിച്ചുനീക്കുന്ന പണികള്‍ ആരംഭിച്ചിരിക്കുന്നത്. 15 നു മുമ്പായി കെട്ടിടം പൊളിച്ചുനീക്കുമെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. ഇരിങ്ങാലക്കുട നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലത്തു കാടുകയറിയ നിലയിലാണു കെട്ടിടം നിന്നിരുന്നത്. കെട്ടിടത്തിന്റെ പിന്‍വശവും മേല്‍ക്കൂരയിലെ ഓടും തകര്‍ന്നുവീണ അവസ്ഥയിലായിരുന്നു. നേരത്തേ കെട്ടിടം പൊളിച്ചുനീക്കാന്‍ നടപടി ആരംഭിച്ചിരുന്നെങ്കിലും കോടതിയിലെ തൊണ്ടിമുതലുകള്‍ കളവുപോയി എന്നാരോപിച്ച് ദേവസ്വം ചെയര്‍മാനും അഡ്മിനിസ്ട്രേറ്റര്ക്കുമെതിരേ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തതോടെ നിലയ്ക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ കേസ് റദ്ദാക്കി. മുകുന്ദപുരം തഹസില്‍ദാര്‍ കച്ചേരി വളപ്പിന്റെ ഉടമസ്ഥരായ ദേവസ്വം അധികാരികള്‍ക്കു താക്കോല്‍ കൈമാറുകയും ദേവസ്വം കെട്ടിടം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ അവിടെനിന്നും തൊണ്ടിമുതലുകള്‍ കളവുപോയി എന്ന ആരോപണം ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി കേസ് റദ്ദാക്കിയത്. തുടര്‍ന്ന് ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നാണു കെട്ടിടം പൊളിക്കാന്‍ ദേവസ്വത്തിന് അനുമതി നല്‍കിയത്. കച്ചേരിവളപ്പില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ഇരിങ്ങാലക്കുടയ്ക്കും ദേവസ്വത്തിനും അഭിമാനകരമായ പ്രൊജക്ട് നടപ്പിലാക്കാനാണു ദേവസ്വം പദ്ധതി.