അഴീക്കോട് മുനക്കല്‍ മുസിരിസ് ബീച്ച് വൃത്തിയാക്കി തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് അഴീക്കോട് മുനക്കല്‍ ബീച്ച് വൃത്തിയാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്ന വേളയില്‍ ബീച്ചിലെ പ്ലാസ്റ്റിക്-പേപ്പര്‍ മാലിന്യങ്ങളെല്ലാം നീക്കം ചെയ്തു. ചടങ്ങില്‍ അഴീക്കോട് കോസ്റ്റല്‍ പോലീസ് എസ്ഐ മണികണ്ഠന് ഉദ്ഘാടനം നിര്‍വഹിച്ചു. തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മൂവിഷ് മുരളി അധ്യക്ഷത വഹിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ മുന്നിട്ട് ഇറങ്ങിയ തവനിഷ് കലാലയങ്ങള്‍ക്കു മികച്ച മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എസ്ഐ മണികണ്ഠന് അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരായ റെനി, ജയപ്രകാശ്, ജവാബ് എന്നിവരും തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് കൂടാതെ 60 ഓളം തവനിഷ് വളണ്ടിയേഴ്സും പങ്കെടുത്തു. പ്രഫ. റീജ യൂജിന്‍ പ്രസംഗിച്ചു.