വയോജന പരാതി പരിഹാര അദാലത്ത് ക്രൈസ്റ്റ് കോളജില്‍ നടന്നു
ഇരിങ്ങാലക്കുട: സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ ‘മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007’ പ്രകാരം ലഭിച്ച അപേക്ഷകളില്‍ പരാതി പരിഹാര അദാലത്ത് സാമൂഹ്യനീതി വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഡോ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തില്‍ ആദ്യദിനം 25 ഓളം പരാതികള്‍ പരിഗണിച്ചു. ചടങ്ങില്‍ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യുണല്‍ ആന്‍ഡ് ആര്‍ഡിഓ എം.എച്ച്. ഹരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ജി. രാഗപ്രിയ സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന് ‘വയോജന ക്ഷേമനിയമം ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി’ വിഷയാവതരണം നടത്തി. സാമൂഹ്യനീതി വകുപ്പിന്റെ വയോജനക്ഷേമ ബോധവല്‍കരണത്തിന് വേണ്ടി ‘വയോജനക്ഷേമ സന്ദേശ കവിത’ രചിച്ച ഓമനക്കുട്ടന് പങ്ങപ്പാട്ട്, കവിത ആലപിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി ആശ സുരേഷ് എന്നിവരെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പൊന്നാടയും ഫലകവും നല്കി ആദരിച്ചു.