ആലപ്പാട് ഫര്ണീച്ചര് ഗാലറി ഉയര്ത്തിയ പിണ്ടിക്ക് ഒന്നാം സമ്മാനം. ഉയരം 28.7 അടി
ഇരുനില വീടു തോറ്റു, ഈ പിണ്ടിയുടെ നീളം കണ്ട്
ഇരിങ്ങാലക്കുട: പിണ്ടിപെരുനാളിനായി നഗരത്തിലെത്തുന്ന ആളുകള്ക്കു രണ്ടുനില വീടുകളേക്കാള് ഉയരത്തില് നില്ക്കുന്ന വാഴപിണ്ടികള് വിസ്മയമായി. വീടുകള്ക്കും സ്ഥാപനങ്ങള്ക്കും മുന്നില് ഇത്തരത്തില് അസാധാരണമാംവിധം ഉയരത്തിലുള്ള പിണ്ടികള് സ്ഥാപിച്ചിരിക്കുന്നതു കാണുമ്പോള് കൗതുകമേറും. ഇരിങ്ങാലക്കുട കത്തീഡ്രല് പള്ളിയിലെ പിണ്ടിപെരുനാളില് ഒരു മത്സരയിനമാണ് ഇത്തരത്തില് ഉയരത്തിലുള്ള പിണ്ടികള്. കത്തീഡ്രല് സിഎല്സിയുടെ നേതൃത്വത്തിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും ഉയരമുള്ള വാഴപിണ്ടി സ്ഥാപിക്കുന്നവര്ക്കു സമ്മാനമുള്ളതിനാല് മത്സരത്തില് പങ്കെടുക്കാന് ഒട്ടേരെ പേരാണു സജീവമായി രംഗത്തുള്ളത്. 75 ഓളം കൂറ്റന് വാഴകളാണ് ഇത്തവണ മത്സരത്തിനായി ഉണ്ടായിരുന്നത്. അതിരപ്പിള്ളിയുടെ താഴ്വാരങ്ങളില് നിന്നും വെറ്റിലപ്പാറ, മലക്കപ്പാറ എന്നിവടങ്ങള്ക്കു പുറമെ ഇതര സംസ്ഥാനങ്ങളില് നിന്നും ഇത്തരത്തിലുള്ള വാഴപിണ്ടികള് കൊണ്ടുവന്നാണു കൂടുതല് പേരും മത്സരിക്കുന്നത്. കല്ലുവാഴ, അമൃതവാഹിനി, കര്പ്പൂരവള്ളി എന്നീ ഇനങ്ങളിലെ വാഴയാണു പിണ്ടിക്കായി ഉപയോഗിക്കുന്നത്. രണ്ടു വര്ഷത്തോളം വേണം ഈ വാഴ പൂര്ണ വളര്ച്ചയെത്താന്. വെള്ളവും സൂര്യപ്രകാശവും ധാരാളം ആവശ്യമുള്ള ഈ വാഴയ്ക്കു വളപ്രയോഗം അത്ര കണ്ടു ആവശ്യമില്ലെന്നു ഇത്തരത്തിലുള്ള വാഴ വളര്ത്തുന്നവര് പറയുന്നു. പിണ്ടിപ്പെരുനാളിനു ആറു മാസം മുമ്പു വാഴത്തോട്ടങ്ങളില് പോയി വാഴ കണ്ടു വെക്കും. പിന്നീട് ഇതിനു പ്രത്യേകം പരിപാലനം നടത്തിയാണു കൊണ്ടു വരിക. വലിയ വാഹനങ്ങളിലാണ് ഇത്തരം വാഴപിണ്ടികള് ഇരിങ്ങാലക്കുടയില് എത്തിക്കുന്നത്. എന്നാല് ഇരിങ്ങാലക്കുട ചന്തയിലെ യൂണിയന് തൊഴിലാളികള് ഈ വാഴ ഇരിങ്ങാലക്കുടയില് തന്നെ കൃഷി ചെയ്തുണ്ടാക്കിയാണു മത്സരത്തില് പങ്കെടുത്തത്. 28.7 അടി ഉയരമുള്ള മെയിന് റോഡില് ആലപ്പാട്ട് ഫര്ണീച്ചര് ഗാലറി എന്ന സ്ഥാപനം ഉയര്ത്തിയ പിണ്ടിക്കാണ് ഒന്നാം സ്ഥാനം. 27.3 അടി ഉയരവും 26.1 അടി ഉയരവുമുള്ള പിണ്ടികള്ക്കാണു രണ്ടും മൂന്നും സ്ഥാനങ്ങള്. രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ഇവര്ക്കു തന്നെയാണ്. 26 അടി ഉയരമുള്ള റയാന് റോഷിത്ത് കടങ്ങോട്ട് ഉയര്ത്തിയ പിണ്ടിക്കു നാലാം സ്ഥാനം. 25.6 അടി ഉയരമുള്ള ചലചിത്രതാരം ഇന്നസെന്റിന്റെ വീടിനു മുന്നില് ഉയര്ത്തിയ പിണ്ടിക്കാണ് അഞ്ചാം സ്ഥാനം.