സ്പെഷ്യല്‍ ഗ്രാന്‍ഡ് കിട്ടുമെന്ന പ്രതീക്ഷയില്‍ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം
വീണ്ടും ശമ്പളമില്ലാത്ത ദിനങ്ങള്‍
ഇരിങ്ങാലക്കുട: അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏഴു മാസമായി ശമ്പളം നല്കാനാകാതെ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം വീണ്ടും പ്രതിസന്ധിയില്‍. 2021-22 വര്‍ഷത്തെ ഗ്രാന്‍ഡ് 50 ലക്ഷം നാലു ഘട്ടമായി ലഭിച്ചെങ്കിലും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കുടിസിക കൊടുത്തു തീര്‍ത്തതോടെയാണു കലാനിലയം വീണ്ടും പ്രതിസന്ധിയിലായത്. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പെഷ്യല്‍ ഗ്രാന്‍ഡില്‍ ബാക്കിയുള്ള 50 ലക്ഷം കൂടി കിട്ടിയാല്‍ മാത്രമെ ഈ കുടിശിക കൊടുത്തു തീര്‍ക്കാന്‍ കഴിയൂ. സ്പെഷ്യല്‍ ഗ്രാന്‍ഡ് ലഭിച്ചില്ലെങ്കില്‍ ഏപ്രിലില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്‍ഡ് വരാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. കഥകളി അഭ്യാസത്തിനായി സര്‍ക്കാര്‍ നടത്തുന്ന രണ്ടു പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയില്‍ സ്ഥിതി ചെയ്യുന്ന ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം. 11 അധ്യാപകരും നാല് ഓഫീസ് ജീവനക്കാരും ഒരു പാര്‍ട്ട് ടൈം സ്വീപ്പറുമടക്കം 16 സ്ഥിരം ജീവനക്കാരുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്‍ഡ് കൊണ്ടു മാത്രം പ്രവര്‍ത്തിക്കുന്ന കലാനിലയത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളത്തിനും വിദ്യാര്‍ഥികളുടെ സഹായധനത്തിനുമായി ഒരു വര്‍ഷം 65 ലക്ഷത്തോളം രൂപ വേണം. ഇതിനുപുറമെ ബോണസും മറ്റ് ആനുകൂല്യങ്ങളുമടക്കം 80 ലക്ഷം രൂപ പ്രതിവര്‍ഷം ആവശ്യമുണ്ട്. വിദ്യാര്‍ഥി ഒന്നിനു മാസം 1500 രൂപ വെച്ചാണു തുക അനുവദിക്കുന്നത്. 2009 ലെ ശമ്പള പരിഷ്കരണ പ്രകാരമുള്ള വേതനമാണു കലാനിലയം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇപ്പോഴും ലഭിക്കുന്നത്. സര്‍ക്കാരിന്റെ 10, 11 ശമ്പള കമ്മിഷന് പരിഷ്കരണം ഇതുവരെയും കലാനിലയത്തില്‍ നടപ്പിലാക്കിയിട്ടില്ല. 2009 ലെ ആനുകൂല്യം തന്നെ കോടതി ഉത്തരവു പ്രകാരമാണു ലഭിച്ചത്. 2014 ലെ വേതന പരിഷ്കരണത്തിനു നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നു ജീവനക്കാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണു 2020-21 ലെ ബജറ്റില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ ഗ്രാന്‍ഡായി ഒരു കോടി രൂപ പ്രഖ്യാപിച്ചത്. ഇതില്‍ 50 ലക്ഷം നേരത്തെ ലഭിച്ചിരുന്നു. ശേഷിക്കുന്ന 50 ലക്ഷം എത്രയും വേഗം അനുവദിച്ചുനല്കണമെന്നാണു കലാനിലയത്തിന്റെ ആവശ്യം. ഇതു ലഭിച്ചാല്‍ കുടിശിക തീര്‍ത്തു വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ശരിയായി പോകാന്‍ കഴിയുമെന്നു കലാനിലയം സെക്രട്ടറി സതീഷ് വിമലന് പറഞ്ഞു. അതിനായി സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ടെന്നും സാംസ്കാരിക വകുപ്പ് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നതെന്നും സതീഷ് വിമലന് പറഞ്ഞു.