ഇനിയുമായില്ല, മുനയത്ത് സ്ഥിരം ബണ്ട്; നിര്‍മാണം നീളുന്നു. പ്രഖ്യാപനങ്ങള്‍ ജലരേഖ
കാട്ടൂര്‍: കരുവന്നൂര്‍ പുഴയുടെ കൈചാലില് വര്‍ഷത്തില്‍ ഒരിക്കല്‍ പണിയുന്ന മുനയം താത്കാലിക ബണ്ടിനു പകരം സ്ഥിരം സംവിധാനമായ റഗുലേറ്റര്‍ കം ബ്രിഡ്ജ് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനു ഇനിയും പരിഹാരമായില്ല. സ്ഥിരം സംവിധാനം ഇല്ലാത്തതിനാല്‍ കൃത്യസമയത്ത് ചാലിലെ വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ ഉപ്പുവെള്ളം കയറുന്നതു വര്‍ഷങ്ങളായുള്ള പതിവാണ്. ഡിസംബര്‍ മാസത്തില്‍ മുനയത്ത് താല്‍ക്കാലിക ബണ്ട് കെട്ടി വേലിയേറ്റ സമയത്ത് കടലില്‍നിന്നും ഉപ്പുവെള്ളം കയറുന്നത് തടയുകയും മഴക്കാലത്ത് ബണ്ട് പൊട്ടിക്കുകയുമാണ് വര്‍ഷങ്ങളായുള്ള ഇവിടത്തെ രീതി. ബണ്ട് കെട്ടി തീരുമ്പോഴേക്കും പതിവുപോലെ ഉപ്പുവെള്ളം കയറുന്നത് പലപ്പോഴും നാട്ടുകാരെ ദുരിതത്തിലാക്കാറുണ്ട്. കൃത്യസമയത്ത് പലപ്പോഴും നടക്കാതാവുമ്പോള്‍ കനാലില്‍ ഉപ്പുവെള്ളം കയറുകയും ആയിരക്കണക്കിനു കുടുംബങ്ങളുടെ ശുദ്ധജലം മുടങ്ങുന്നതും തുടരുന്നതിനാലാണ് ഇവിടെ സ്ഥിരം സംവിധാനം എന്ന ആവശ്യം ശക്തമാവുന്നത്. അധികൃതര്‍ പലതവണ ഉറപ്പുനല്‍കിയെങ്കിലും ഇതെല്ലാം ജലരേഖയായി മാറിയിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥിരസംവിധാനം ഒരുക്കുന്നതിനു 2017-18 ലെ ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. 2016 ല്‍ ഇവിടെ സ്ഥലപരിശോധനയും നടന്നു. ഇതേത്തുടര്‍ന്ന് നബാര്‍ഡില്‍നിന്നും 27 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഷട്ടര്‍ സംവിധാനത്തില്‍ ആധുനിക സാങ്കേതികവിദ്യ ഒരുക്കുമ്പോള്‍ 30 കോടി രൂപ ചെലവുവരും. ആറുകോടി രൂപയുടെ അധിക ചെലവാണ് പഴയ പദ്ധതിയില്‍നിന്നും ആധുനിക സംവിധാനം നടപ്പില്‍വരുത്തുമ്പോള്‍ അധികമായി വരുന്നത്. പുതുക്കിയ സ്കെച്ചും പ്ലാനും ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നല്‍കിയിട്ടുണ്ട്. അഞ്ചു മീറ്റര്‍ വീതിയില്‍ 85 മീറ്റര്‍ നീളത്തില്‍ കാട്ടൂര്‍ പഞ്ചായത്തിനെയും താന്ന്യം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വിധത്തിലാണു ബണ്ടിന്റെ നിര്‍മാണം ആവശ്യമായി വരുന്നത്. എത്രയും പെട്ടെന്ന് ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടലില്‍ വേലിയേറ്റമുണ്ടാകുമ്പോള്‍ അഞ്ച് പഞ്ചായത്തുകളിലെ നെല്‍കൃഷിക്കു നാശം
മുനയം ബണ്ട് കെട്ടുന്ന കനാല്‍ കടലുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനാലാണ് കടലില്‍ വേലിയേറ്റം ഉണ്ടാകുമ്പോള്‍ ഇവിടേക്കു ഉപ്പുവെള്ളം കയറുന്നത്. ബണ്ട് നിര്‍മാണം വൈകിയാല്‍ ഓര് വെള്ളം കയറി കാട്ടൂര്‍, കാറളം, അന്തിക്കാട്, പഴുവില്‍, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലെ നെല്‍കൃഷിയെ ബാധിക്കും. താന്ന്യം, ചാഴൂര്‍, അന്തിക്കാട് എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളം കരുവന്നൂര്‍ ഇല്ലിക്കല്‍ പ്ലാന്റില്‍ നിന്നാണ്. നവംബര്‍ അവസാന വാരത്തില്‍ താത്കാലിക തടയണ കെട്ടിയില്ലെങ്കില്‍ കനോലി കനാലിനെ ആശ്രയിച്ചുള്ള ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ശുദ്ധജലസംഭരണികളിലെ വെള്ളം ഉപയോഗശൂന്യമാകുകയും ചെയ്യും. ഓരോ വര്‍ഷവും മുനയത്ത് ഏതാനും മാസത്തേക്കു താല്‍ക്കാലിക ബണ്ട് കെട്ടുന്നതിനു ലക്ഷകണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. 35 ലക്ഷം രൂപയോളം ചെലവഴിച്ചാണു താത്കാലിക ബണ്ട് കെട്ടുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണു ഇവിടെ താത്കാലിക ബണ്ട് കെട്ടുന്നതിനുള്ള ചുമതല.