ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് തുടങ്ങാന്‍ കടമ്പകളേറെ
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങാന്‍ കടമ്പകളേറെ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്നം. കോവിഡ് വ്യാപനം കുറഞ്ഞതിനെത്തുടര്‍ന്നാണ് നേരത്തെ ഉണ്ടായിരുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. നിലവില്‍ മെഡിക്കല്‍ കോളജ്, തൃശൂര്‍ ജില്ലാ ആശുപത്രി, ചാലക്കുടി ഗവ. ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇരിങ്ങാലക്കുട ആശുപത്രിയില്‍ നിരീക്ഷണസൗകര്യം മാത്രമാണ് ഇപ്പോള്‍ ഉള്ളത്. കൂടുതല്‍ പ്രശ്നമുള്ളവരെത്തിയാല് അവരെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ്. എന്നാല്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ആര്‍ടിപിസിആര്‍ പരിശോധനയും കോവിഡ് വാക്സിനേഷനും ഉണ്ട്. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏത് സമയത്തും തുറക്കാന്‍ കഴിയാവുന്ന തരത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമായിരിക്കണമെന്നാണ് ആരോഗ്യവിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനാവശ്യമായ ഡോക്ടര്‍മാരോ നഴ്സുമാരോ ജീവനക്കാരോ ഇല്ല. ആശുപത്രിയില്‍ ഇപ്പോഴുള്ള ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും വെച്ചുകൊണ്ട് ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ അഞ്ചുപേര്‍ വീതം നാല് ഷിഫ്റ്റിലായിട്ടാണ് നഴ്സുമാര്‍ ജോലി ചെയ്തിരുന്നത്. ഐസിയുവില്‍ നാല് ഷിഫ്റ്റില്‍ രണ്ട് സ്റ്റാഫ് നഴ്സ് വീതം ജോലിക്കു വേണം. ഇതിനുപുറമെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആവശ്യമുണ്ട്. ഐസൊലേഷന്‍ വാര്‍ഡിലും ഐസിയുവിലുമായി ഒരു ദിവസം 28 സ്റ്റാഫ് നഴ്സുമാരാണ് ആവശ്യമുള്ളത്. കഴിഞ്ഞ കോവിഡ് കാലത്ത് എഴുപതിലേറെ താത്കാലിക ജീവനക്കാരെയാണ് എന്‍എച്ച്എം ആശുപത്രിയിലേക്ക് അനുവദിച്ചിരുന്നത്. ജനറല്‍ ആശുപത്രിയാണെങ്കിലും ഇപ്പോഴും പഴയ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണാണ് ഉള്ളത്. ഇതിനിടെ ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ളവരില് ചിലര്‍ക്ക് കോവിഡ് ബാധിച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അതേസമയം നേരത്തെ ഐസൊലേഷന്‍ വാര്‍ഡായി ഉപയോഗിച്ചിരുന്ന വാര്‍ഡ് പെയിന്റിംഗ് നടത്തി സാധാരണ രോഗികളെ കിടത്തുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ദേശം വന്നാല്‍ രോഗികളെ അഡ്മിറ്റ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഉണ്ടായിരുന്ന ഓക്സിജന്‍ സൗകര്യമാണ് ഇപ്പോഴും ഉള്ളത്.