ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി
ഇരിങ്ങാലക്കുട: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്താലുള്ള വിരോധത്താല്‍ ഭാര്യ ജീത്തുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു (43) വിനെ കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് കണ്ടെത്തി. 2018 ഏപ്രില്‍ 29 ന് ഉച്ചതിരിഞ്ഞ് 2.30 നാണ് സംഭവം നടന്നത്. ഭാര്യയെ മനഃപൂര്‍വ്വം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി ഒന്നാം പ്രതി ചെങ്ങാലൂരിലുള്ള ശാന്തി പെട്രോള്‍ പമ്പില്‍ നിന്നും രണ്ടു പ്ലാസ്റ്റിക് കുപ്പികളിലായി പെട്രോള്‍ വാങ്ങി പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുണ്ടുകടവിലുള്ള വീട്ടിലെത്തി അവിടെ വച്ച് ഒരു പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള്‍ രണ്ടു ചില്ല് കുപ്പികളിലായി പകര്‍ത്തി കൈവശം വച്ച് സിഗരറ്റ് ലാമ്പ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച്, ചെങ്ങാലൂര്‍ കുണ്ടുകടവില്‍ നരശില മഹാദേവ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ നടന്നെത്തി പെട്രോളുള്ള പ്ലാസ്റ്റിക് കുപ്പി തിരിച്ചു പിടിച്ച് പെട്രോള്‍ കൂടുതല്‍ ഒഴിക്കുന്നതിനായി മൂട് ഭാഗം കത്തി ഉപയോഗിച്ച് കുറച്ച് മുറിച്ചു മാറ്റി മേല്‍ സ്ഥലത്ത് ഒളിച്ചു കാത്തിരുന്ന് ചെങ്ങാലൂര്‍ കുണ്ടുകടവ് റോഡിലേക്ക് ഭാര്യ ഇറങ്ങി വന്ന സമയം ഒളിച്ചിരുന്ന ഒന്നാം പ്രതി ഭാര്യയുടെ അടുത്തേക്ക് ഓടി വന്ന് റോഡില്‍ വച്ച് കൈവശം സൂക്ഷിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള്‍ ഭാര്യയുടെ ദേഹത്ത് കുടഞ്ഞൊഴിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയുടെ പിന്നാലെ ഓടിച്ചെന്ന് കുപ്പിയിലെ ബാക്കിയുള്ള പെട്രോള്‍ കൂടി ഒഴിച്ച് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റ് ലാമ്പ് എടുത്ത് തീ കൊളുത്തിയതില്‍ വച്ച് ഗുരുതരമായി പൊള്ളലേറ്റ് ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും ചികിത്സയിലിരിക്കെ പൊള്ളലിന്റെ കാഠിന്യത്താല്‍ 2018 ഏപ്രില്‍ 30 ന് രാത്രി 11.35 ന് മരണപ്പെടുകയുമാണ് ഉണ്ടായത്. കേസില്‍ ശിക്ഷ സംബന്ധിച്ച വാദം കേള്‍ക്കുന്നതിനായി കേസ് 2022 ഏപ്രില്‍ 12 ലേക്ക് വച്ചു. പുതുക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പുതുക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരന് എന്നവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപ്രതം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 35 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവര്‍ ഹാജരായി.