അന്തരിച്ചു-ഉണ്ണികൃഷ്ണമേനോന്‍ (82) താഴെക്കാട്: ഇടയപുറത്ത് വീട്ടില്‍ ഉണ്ണികൃഷ്ണമേനോന്‍ (82) അന്തരിച്ചു. സംസ്കാരം നടത്തി. താഴെക്കാട് സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിലെ കണക്കെഴുത്തുകാരനായിരുന്നു. ഭാര്യ-പരേതയായ ഈശ്വരി, മക്കള്‍: പ്രീതി, പ്രദീപ് (ഇലക്ട്രീഷ്യന്, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍), പ്രസീദ. മരുമക്കള്‍: കൃഷ്ണകുമാര്‍, രശ്മി (സ്റ്റാഫ് നഴ്സ്, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍), സന്തോഷ്.
ഇരിങ്ങാലക്കുട: നീണ്ട 42 വര്‍ഷം താഴെക്കാട് സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിലെ കണക്കുകളെല്ലാം ഇടയപുറത്ത് വീട്ടില്‍ ഉണ്ണികൃഷ്ണമേനോന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. ഇത് കാലങ്ങളായി തുടര്‍ന്നുപോരുന്ന മതസൗഹാര്‍ദത്തിന്റെ മനസാക്ഷി സൂക്ഷിപ്പിന്റെയും കുശിശുമുത്തപ്പനോടുള്ള വിശ്വാസ്യതയുടെ പ്രതീകവുമായിരുന്നു. ഒരു നിയോഗം പോലെ 1977 ജൂലൈ 24 നാണ് പള്ളിയിലെ കണക്കെഴുത്തുകാരനായി ഉണ്ണികൃഷ്ണമേനോന്‍ ചുമതലയേറ്റത്. ഇതോടെ നാട്ടുകാരുടെ വക പള്ളിമേനോന്‍ എന്ന വിളിപ്പേരും കൈവന്നു. ഇതിനു മുമ്പ് പിതാവായ അച്ചുതമേനോനാണ് പള്ളിയിലെ കണക്കുകളെല്ലാം എഴുതി സൂക്ഷിച്ചത്. അതും നീണ്ട 48 വര്‍ഷക്കാലം. ആകസ്മികമായുണ്ടായ പിതാവിന്റെ വേര്‍പാടിനു ശേഷം പള്ളിയില്‍ പുതിയ കണക്കെഴുത്തിനായി 55 പേരാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ അന്നുണ്ടായ പള്ളി യോഗത്തില്‍ വച്ച് ഈ സ്ഥാനം ഉണ്ണികൃഷ്ണമേനോനെ തന്നെ ചുമതലപ്പെടുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഫാ. ജോസ് കാവുങ്കലായിരുന്നു അന്നത്തെ വികാരി. 45 രൂപ വേതനത്തോടെയായിരുന്നു നിയമനം. 42 വര്‍ഷത്തെ നീണ്ട സേവനത്തിനു ശേഷം 2020 മാര്‍ച്ച് എട്ടിനാണ് വിരമിച്ചത്. ആഴ്ചയില്‍ രണ്ടു ദിവസമേ ജോലിക്കു വരേണ്ടതുള്ളൂവെങ്കിലും പ്രസിദ്ധമായ കുരിശു മുത്തപ്പന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിക്കുന്ന ഏപ്രില്‍ 15 മുതല്‍ തിരുനാള്‍ കണക്കുകളെല്ലാം പൂര്‍ത്തിയാക്കുന്ന മെയ് 15 വരെയുള്ള എല്ലാ ദിവസവും പള്ളിയിലുണ്ടാകും. രാവിലെ വീടിനു സമീപത്തുള്ള ഇരിങ്ങാടപ്പിള്ളി ഭഗവതി ക്ഷേത്രത്തിലോ പള്ളിക്കു സമീപമുള്ള ശിവക്ഷേത്രത്തിലോ തൊഴുതതിനു ശേഷമാണ് പള്ളിയില്‍ കണക്കെഴുത്തിനായി എത്തിച്ചേരുക. വര്‍ഷാവസാനം അരമനയില്‍ നല്‍കേണ്ട തെരട്ടു കണക്കുകളും എഴാം ക്ലാസു മാത്രം പഠനമുള്ള ഉണ്ണികൃഷ്ണമേനോന്‍ തന്നെയാണ് തയാറാക്കുക. പള്ളിയില്‍ നടക്കുന്ന പ്രാാന യോഗങ്ങളിലെല്ലാം മുമ്പ് സ്ഥിരമായി പങ്കെടുത്തിരുന്നു. 2020 മാര്‍ച്ച് എട്ടിന് താഴെക്കാട് പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രമായി ഉയര്ത്തപ്പെട്ടപ്പോള് പ്രധാന സ്റ്റേജില്‍ വെച്ച് കര്‍ദിനാള്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഇരിങ്ങാലക്കുട രൂപതയില്‍ എന്നുമാത്രമല്ല കേരളസഭയില്‍ ഇതുപോലെ ഒരു പള്ളിയുടെ കണക്ക് ഇത്രയേറെ പൈതൃകവും പാരമ്പര്യവുമുള്ള മേനോന് കുടുംബം കൈകാര്യം ചെയ്യുന്നത് വളരെ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഇരിങ്ങാലക്കുട രൂപതയില്‍ മറ്റനേകം വൈദീകരും മേലധ്യക്ഷന്മാരും ഉണ്ണിമേനോനെ ആദരിച്ചിട്ടുണ്ട്. ഹൈന്ദവസംസ്കാരവും ക്രൈസ്തവ സംസ്കാരവും ഇഴചേര്‍ന്ന് കിടക്കുന്ന താഴെക്കാട് ഗ്രാമത്തിന്റെ പാരമ്പര്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിരമിച്ചിട്ടുപോലും പലപ്പോഴും പള്ളിയാവശ്യങ്ങള്ക്ക് ഇവിടെ എത്തിച്ചേര്‍ന്ന് സഹായിക്കുന്ന പതിവുണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വളരെ ബുദ്ധിമുട്ടിയാണെങ്കിലും അദ്ദേഹം കുരിശുമുത്തപ്പന്റെ തിരുനടയില്‍ വന്ന് പ്രാര്‍ഥിച്ച് മടങ്ങിയതാണ്.