വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആറാം വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട: സംഗീത കച്ചേരികളിലും ശില്പശാലകളിലും പ്രഗത്ഭരായ സംഗീതജ്ഞരുടെ സാന്നിധ്യം കൊണ്ടു മാന്ത്രിക വിസ്മയം തീര്‍ക്കുന്ന ഇരിങ്ങാലക്കുടയിലെ വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആറാം വാര്‍ഷികം ആഘോഷിച്ചു. സംഗീതജ്ഞന് പ്രിന്‍സ് രാമവര്‍മ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഒട്ടേറെ സംഗീതമേഖലയിലെ പ്രഗത്ഭരും സംഗീതപ്രേമികളും വിദ്യാര്‍ഥികളും പങ്കെടുത്ത ചടങ്ങില്‍ ആദ്യദിനത്തില്‍ പ്രിന്‍സ് രാമവര്‍മയ്ക്ക് ഗുരുദക്ഷിണയായി അദ്ദേഹം വിവിധ സംഗീത ശിബിരങ്ങളില്‍ പഠിപ്പിച്ച കൃതികള്‍ വരവീണയിലെ കുട്ടികള്‍ അദ്ദേഹത്തിനു മുമ്പില്‍ ആവതരിപ്പിച്ചു. തുടര്‍ന്ന് പ്രിന്‍സ് രാമവര്‍മയുടെ നേതൃത്വത്തില്‍ സംഗീത സദസ് അരങ്ങേറി. സംഗീത കച്ചേരിയില്‍ വയലിനില്‍ അവനീശ്വരം എസ്.ആര്. വിനുവും മൃദംഗത്തില്‍ ട്രിച്ചി ബി. ഹരികുമാറും പ്രിന്‍സ് രാമവര്‍മയ്ക്ക് പക്കമേളം ഏകി. അമ്മ ആനന്ദദായിനി എന്ന അദ്ദേഹത്തിന്റെ ഗുരുനാഥന് മംഗലംപള്ളി ബാലമുരളീകൃഷ്ണയുടെ വര്‍ണത്തോടെ കച്ചേരി ആരംഭിച്ചു. രണ്ടാംദിനത്തില്‍ സംഗീത കലാനിധി ഡോ. സൗമ്യയുടെ സംഗീതവിരുന്നില്‍ വയലിനില്‍ അവനീശ്വരം എസ്.ആര്. വിനുവും മൃദംഗത്തില്‍ ഡോ. നാഞ്ചില് എ.ആര്. അരുളും വെള്ളാറ്റന്നൂര്‍ ശ്രീജിത്തും പശ്ചാത്തലൊരുക്കി.