ഇക്കുറി സംഗമേശ സന്നിധിയില്‍ ആദ്യ പഞ്ചാരിക്കു കാലമിടുന്നത് 80 വയസു കഴിഞ്ഞ കേളത്ത് അരവിന്ദാക്ഷന് മാരാര്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിന് ആദ്യ പഞ്ചാരിക്ക് കാലമിടാന് എണ്പതു വയസു കഴിഞ്ഞ കേളത്ത് അരവിന്ദാക്ഷന് മാരാര്‍ എത്തും. 20-ാം വയസില്‍ പരിയാരത്ത് കുഞ്ഞന്‍മാരാരുടെ കൂടെ കൊട്ടിയാണു കൂടല്‍മാണിക്യം ഉത്സവത്തില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് പെരുവനം അപ്പുമാരാര്‍, തൃപ്പേക്കുളം അച്ചുതമാരാര്, പെരുവനം കുട്ടന്മാരാര് എന്നിവരുടെ കൂടെയായി. ആ കാലയളവില്‍ അന്നമനട അച്ചുതമാരാരുടെ കൂടെ പഞ്ചവാദ്യത്തിനു തിമിലക്കാരനായും അച്ഛന് മാക്കോത്ത് ശങ്കരന്‍കുട്ടി മാരാര്‍ക്ക് ഒപ്പം നിരവധി തവണ പങ്കെടുക്കുവാന്‍ സാധിച്ചു. ആയിടക്ക് കൂടല്‍മാണിക്യ സ്വാമിയുടെ സുവര്‍ണ മുദ്രക്കും അര്‍ഹനാകുകയുണ്ടായി. വാദ്യരംഗത്ത് 65 വര്‍ഷം പിന്നിട്ട ഈ കലാകാരന് കേരളസംഗീത നാടക അക്കാദമി അവാര്‍ഡ്, ശിഷ്യപ്രശിഷ്യര്‍, ക്ഷേത്ര സമിതികള്‍, ആസ്വാദകര്‍ എന്നീ കൂട്ടായ്മയില്‍ ചേന്ദംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍നിന്നും ലഭിച്ച വീരശൃംഖല, ആറാട്ടുപുഴ ശ്രീ ശാസ്താപുരസ്കാരം, തൃപ്പുണിത്തുറ പൂര്ണത്രയീശ്വര പുരസ്കാരം, പാറമേക്കാവ് സുവര്‍ണമുദ്ര എന്നിവയടക്കം അനേകം സുവര്‍ണമുദ്രകളും അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. തൃശൂര്‍പൂരം, പെരുവനം, ആറാട്ടുപുഴവരെയുള്ള മേളങ്ങളില്‍ ഇന്നും നിറസാന്നിധ്യമായിരുന്നു. ഒല്ലൂരിനടുത്തുള്ള കേളത്ത് മാരാത്ത് വീട്ടില്‍ താമസം. കലാമണ്ഡലം ശിവദാസ്, കേളത്ത് സുന്ദരന്‍ എന്നിവര്‍ ഉരുട്ടു ചെണ്ടയില്‍ കൂട്ടായീയെത്തും. വീക്കന്‍ ചെണ്ടയില്‍ പിണ്ടിയത്ത് ചന്ദ്രന് നായരും കുറുംങ്കുഴലില് പോഴങ്കണ്ടത്ത് ലിമേഷ് മുരളിയും കൊമ്പില്‍ കുമ്മത്ത് രാമന്‍കുട്ടി നായരും ഇലത്താളത്തില്‍ ചേര്‍പ്പ് കുമ്മത്ത് നന്ദനനും അണിനിരക്കുന്നതാണ് ആദ്യ പഞ്ചാരി.