മാണിക്യശ്രീ പുരസ്കാരം ഡോ. സദനം കൃഷ്ണന്‍കുട്ടി ആശാന്
ഇരിങ്ങാലക്കുട: മാണിക്യശ്രീ പുരസ്കാരം സദനം കൃഷ്ണന്‍കുട്ടി ആശാനു സമ്മാനിക്കും. ഇന്നു വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ചാണു പുരസ്കാര സമര്‍പ്പണം. കേരളത്തില്‍ തെക്കും വടക്കും ഒരുപോലെ അംഗീകരിക്കപ്പെട്ട കഥകളി നടന്. കഥകളിയിലെ പച്ച, കത്തി, വെള്ളത്താടി എന്നീ വേഷങ്ങളില്‍ ഒരുപോലെ തിളങ്ങിയ പ്രതിഭ. കഥകളിയിലെ എല്ലാ കഥാപാത്രങ്ങളെയും അനായാസേന രംഗത്തവതരിപ്പിക്കാന് കഴിവുള്ള നടന്മാരില് ഒരാള്‍. ഇതെല്ലാം സദനം കൃഷ്ണന്കുട്ടിക്കുമാത്രം അവകാശപ്പെടാവുന്ന നേട്ടങ്ങളാണ്. 1941 ല്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരിയില്‍ ജനനം. പട്ടിക്കാംതൊടിയുടെ പ്രഥമ ശിഷ്യന് തേക്കിന്‍കാട്ടില്‍ രാവുണ്ണിനായരുടെ ശിക്ഷണത്തില്‍ കൃഷ്ണന്‍കുട്ടി ചിട്ടപ്രധാനമായ അദ്യവസാന വേഷങ്ങള്‍ ചൊല്ലിയാടി ഉറപ്പിച്ചു. കഥകളിക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യ സ്കോളര്‍ഷിപ്പ് ലഭിച്ചതു കൃഷ്ണന്‍കുട്ടിക്കായിരുന്നു. 1962 മുതല്‍ 1965 വരെ കീഴ്പ്പടം കുമാരന്നായരുടെ കീഴില്‍ ഉപരിപഠനം. തേക്കിന്‍കാട്ടില്‍ രാവുണ്ണിനായര്, കീഴ്പ്പടം കുമാരന്നായര്, കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍, ശങ്കരന് എമ്പ്രാന്തിരി എന്നീ പ്രഗത്ഭരായ കഥകളി ആചര്യന്മാരുടെ കീഴില്‍ ഒമ്പതു വര്‍ഷം നേടിയ കഠിനശിക്ഷണം ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കൃഷ്ണന്‍കുട്ടിയെ പ്രാപ്തനാക്കി. 1956 ഗാന്ധിസേവാസദനത്തില്‍ കല്യാണസൗഗന്ധികത്തിലെ കൃഷ്ണനായി അരങ്ങേറി. ഒരാളെയും അനുകരിക്കാതെ ഓരോ വേഷങ്ങള്‍ക്കും തന്റേതായ അരങ്ങുപാഠം നിശ്ചയിച്ചുകൊണ്ടു പ്രശംസനേടി. നളന്, രാവണന്, നരകാസുരന്, ദുര്യോധനന്, ഹനുമാന് എന്നിവയ്ക്കു പുറമെ ചിട്ട പ്രധാനങ്ങളായ പച്ചവേഷവും പ്രസിദ്ധം. ആട്ടക്കഥയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മുപ്പതിലേറേ തവണ വിദേശരാജ്യങ്ങളില്‍ കഥകളി അവതരണവും പഠിപ്പിക്കലും നടത്തി. കലാമണ്ഡലം, കലാനിലയം, പാറ്റ്ന നൃത്തകലാമന്ദിര് എന്നിവിടങ്ങളില്‍ ഗുരു ആയിരുന്നു. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം 2007 ല്‍ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി, സംസ്ഥാന കഥകളി പുരസ്കാരം, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് (യുഎസ്) ല്‍ നിന്ന് രാജഹംസം, സിംഗപ്പൂര്‍ നിന്ന് നാട്യകലാനിധി, മുംബൈയില്‍ നിന്ന് സുവര്‍ണശംഖ്, ബാംഗ്ലൂര്‍ നിന്ന് ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ പുരസ്കാരം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡി ലിറ്റ് തുടങ്ങിയ മുപ്പതിലേറേ പുരസ്കാരങ്ങള്‍ ലഭിച്ചു.