എഴുന്നള്ളിപ്പ് വിസ്മയമാക്കാന്‍ അണിയറ ഉണര്‍ന്നു…. ആരവങ്ങളുയര്‍ത്താന്‍ ചാമരങ്ങളൊരുങ്ങി….ചന്തം വിരിച്ച് വെഞ്ചാമരം….
ഏഴ് നെറ്റിപ്പട്ടങ്ങള്‍ സ്വര്‍ണ നിര്‍മിതം 11 എണ്ണം വെള്ളിയില്‍ പണികഴിച്ചത്. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചകുട
ഇരിങ്ങാലക്കുട: ഉല്സവത്തിനോടനുബന്ധിച്ചുള്ള പകല്‍ ശീവലിയും രാത്രി വിളക്കെഴുന്നള്ളിപ്പും അവിസ്മരണീയമാക്കുവാന്‍ ആനച്ചമയങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. ഗജവീരന്മാര്ക്ക് അണിയാന്‍ സ്വര്‍ണകോലവും വെള്ളിപിടികളോടു കൂടിയുള്ള വെണ്‍ചാമരങ്ങളും തനി തങ്ക നെറ്റിപ്പട്ടങ്ങളും പീലിയുടെ ഭംഗി പൂര്‍ണമായും ആവാഹിച്ച ആലവട്ടങ്ങളും കഴുത്തിലും കൈകളിലും അണിയുന്ന മണികളുമാണ് തയാറായിട്ടുള്ളത്. ഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുടയാണ് ഒരുക്കിയിട്ടുള്ളത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉള്‍പ്പെടെ ഏഴ് ആനകള്‍ക്ക് തനി തങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്റെ പിടിയും സ്വര്‍ണനിര്‍മിതമാണ്. മറ്റ് പത്ത് ആനകള്‍ക്ക് മേല്‍ത്തരം വെള്ളിചമയങ്ങളാണ് ഉപയോഗിക്കുന്നത്. സ്വന്തം സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കൂ എന്ന ചിട്ടയുള്ള കൂടല്‍മാണിക്യത്തില്‍ സ്വര്‍ണകോലവും സ്വര്‍ണത്തിലുള്ള അഞ്ച് വലിയ നെറ്റിപ്പട്ടങ്ങളും ഉള്ളാനകള്ക്കുള്ള രണ്ട് ചെറിയ നെറ്റിപ്പട്ടങ്ങളും പത്ത് വെള്ളി നെറ്റിപ്പട്ടങ്ങളും ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്. കോലത്തില്‍ ‘ഭഗവാന്റെ രൂപമുള്ള ഗോളികയും തിടമ്പ് വെക്കുന്നതിനുള്ള സ്ഥലവും കഴിഞ്ഞാല്‍ ബാക്കി’ ഭാഗം സ്വര്‍ണ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളികകള്, വട്ടക്കിണ്ണം, കൂമ്പന്‍ കിണ്ണം, എടക്കിണ്ണം, ചന്ദ്രക്കല, നാഗപടം, അരുക്കവടികള്‍, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകള്‍ എന്നിവയെല്ലാം തന്നെ തനി സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്തതാണ്. ഒന്നും തന്നെ പ്ലേറ്റിംഗ് അല്ല. തിടമ്പേറ്റുന്ന ആനയുടെ കുട, അലക്കുകള്‍, വെഞ്ചാമരത്തിന്റെ പിടി എന്നിവയും സ്വര്‍ണനിര്‍മിതമാണ്. കോലത്തിന് മുകളില്‍ സ്വര്ണമകുടവുമുണ്ട്. നെറ്റിപ്പട്ടങ്ങള്‍ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച് പൊടിയും കച്ചയും തുന്നിച്ചേര്‍ത്ത് ‘ഭംഗിയാക്കി. ഗജവീരന്മാരുടെ കഴുത്തിലണിയാനുള്ള മണികള്‍ കോര്‍ക്കുന്നതിനുള്ള വട്ടകയറും എഴുന്നള്ളിക്കുന്ന ആനക്കായി വിവിധ വര്‍ണത്തിലുള്ള കുടകളാണ് തയ്യാറാക്കിയിട്ടുള്ളത്. കീഴേടമായ അയ്യങ്കാവിലേക്കല്ലാതെ ചമയങ്ങള്‍ നല്‍കുകയോ വാങ്ങുകയോ ഇവിടെ പതിവില്ല.
ചമയങ്ങളൊരുക്കുന്നത് കുന്നത്തങ്ങാടി പുഷ്കരനും സംഘവും
ഗജകേസരികള്‍ അണിയുന്ന തങ്കമേലങ്കികള് മേടവെയിലേറ്റ് വെട്ടിതിളങ്ങുമ്പോള്‍ എത്ര ഉത്സവപ്രേമികള്‍ അതിനായി അധ്വാനിച്ചവരെ ഓര്‍ക്കും എന്നാണ് ചമയങ്ങളൊരുക്കുന്ന പുഷ്കരന് പറയുന്നത്. ഒരു മാസത്തിലേറെ സമയമെടുത്താണ് അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്ക്കരനും സംഘവും ഉത്സവത്തിനായുള്ള ചമയങ്ങളൊരുക്കിയത്. 30 വര്‍ഷമായി ഈ പണിയിലേര്‍പ്പെട്ടിരിക്കുന്ന പുഷ്ക്കരന്‍ തന്റെ അച്ഛനായ കുട്ടപ്പനില്‍ നിന്നാണ് ഈ വിദ്യ കൈവശമാക്കിയത്. പുഷ്കരന്റെ മുത്തച്ഛനും ആനകള്‍ക്കുള്ള ചമയങ്ങളൊരുിക്കുകയായിരുന്നു പണി. കൂടല്‍മാണിക്യം ക്ഷേത്രത്തിനു പുറമേ പള്ളത്താംകുളങ്ങര, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങളിലും പുഷ്ക്കരന്‍ ആനച്ചമയങ്ങളൊരുക്കിയിരുന്നു
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രാവിലെ 8.30 മുതല്‍ ശീവേലി, തുടര്‍ന്ന് കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, ഉച്ചയ്ക്ക് രണ്ടു മുതല്‍ 2.30 വരെ ശരണ്യ ശൈലജയും സംഘവും അവതരിപ്പിക്കുന്ന കോലാട്ടം, 2.30 മുതല്‍ 3.30 വരെ ബിജുല ബാലകൃഷ്ണന് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 3.30 മുതല്‍ 4.30 വരെ ശ്രുതി തമ്പുരാട്ടി അവതരിപ്പിക്കുന്ന ഭരതനാട്യം, 4.30 മുതല്‍ 7.30 വരെ കര്‍ണാടകസംഗീതം. രാത്രി 7.30 മുതല്‍ 9.30 വരെ പത്മശ്രീ ഗുരു ഡോ. പുരുദധീച്, ഡോ. പിയുഷ് രാജ്, റിഥി മിശ്ര, സുനില്ശുങ്കര, ഹര്‍ഷിത ശര്‍മ ദധീച്, ശരണ്യ സഹസ്ര എന്നിവര്‍ അവതരിപ്പിക്കുന്ന വന്ദേഹം രാമാനുജം കഥക് അരങ്ങേറും. രാത്രി 9.30 മുതല്‍ 10.30 വരെ ഡാന്‍സ് ഡ്രാമാ പ്രൊഡക്ഷന്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, രാത്രി 9.30 മുതല്‍ വിളക്ക്, കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, രാത്രി 12 മുതല്‍ നളചരിതം മൂന്നാം ദിവസം കഥകളി, ഉത്തരാസ്വയംവരം കഥകളി, വൈകീട്ട് 5.30 നു കുലീപിനി തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, 6.30 നു രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന കുറത്തിയാട്ടം, രാവിലെ ശീവേലിക്കുശേഷം സന്ധ്യാവേലപ്പന്തലില്‍ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, വൈകീട്ട് 4.30 മുതല്‍ സോപാനസംഗീതം.
.