മഴകൊണ്ടുപോയി, വിളഞ്ഞ നെല്ല്; നിസഹായരായി കര്‍ഷകര്‍
കാട്ടൂര്‍: മഴ തുടരുന്നതിനാല്‍ വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ കഴിയാതെ നിസഹായരായി കര്‍ഷകര്‍. കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി പാടശേഖരത്തിലെ 80 ഏക്കറിലെ വിളഞ്ഞ നെല്ലാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വീണത്. പലയിടത്തും വീണുകിടക്കുന്ന നെല്ല് കൊയ്തെടുക്കാനാകാതെ മുളച്ചുതുടങ്ങി. പാടശേഖരങ്ങളില്‍ വെള്ളം നില്ക്കുന്നതിനാല് കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴയ്ക്കു മുമ്പു കൊയ്തു ചാക്കിലാക്കിയ അഞ്ചു ടണ്‍ നെല്ല് കെഎല്‍ഡിസി ബണ്ടില്‍ കിടക്കുകയാണ്. ഇതു കരയ്ക്കെത്തിക്കാന്‍ ഒരു വഴിയുമില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. കെഎല്‍ഡിസി കനാല്‍ ആഴം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കനാലില്‍ നിന്നു ബണ്ടിലേക്കു കോരിയിട്ട മണ്ണു മുഴുവന്‍ മഴയില്‍ ചെളിയായി. ഇതുമൂലം ട്രാക്ടര്ക്കോ, കാല്‍നടക്കാര്‍ക്കോ കടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നു കര്‍ഷകര്‍ പറഞ്ഞു. ബണ്ടിന്റെ ഓരത്തുള്ള നെല്ല് കൊയ്തെടുക്കാന്‍ കഴിയുന്നില്ല. ടെന്‍ഡറെടുത്ത കരാറുകാരന് ഉത്തരവാദിത്വത്തോടെ പണി പൂര്‍ത്തിയാക്കാത്തതാണ് ഈ അവസ്ഥയ്ക്കു കാരണമെന്നു പാടശേഖരം സെക്രട്ടറി വിജയന് തേവര്‍ക്കാട്ടില്‍ പറഞ്ഞു. ഇതിനായി പലതവണ കെഎല്‍ഡിസി ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒരാഴ്ചയായുള്ള മഴയും കാറ്റുമാണ് ഈ പ്രതിസന്ധിക്കു കാരണമെന്നു കര്‍ഷകസംഘം പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ.എം. സജീവന് പറഞ്ഞു. അടിയന്തരമായി കൃഷിവകുപ്പും കെഎല്‍ഡിസി അധികൃതരും ജില്ലാഭരണകൂടവും ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നു സജീവന് ആവശ്യപ്പെട്ടു.