കരുവന്നൂര്‍ ഇല്ലിക്കല്‍ ഡാം പരിസരത്തെ റോഡ് ഇടിഞ്ഞത് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അനാസ്ഥ; കാറളം കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കരുവന്നൂര്‍: സൗത്ത് ബണ്ട് റോഡിന്റെ ഇല്ലിക്കല്‍ ഡാം പരിസരത്തെ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായത് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അനാസ്ഥ മൂലമാണെന്നു കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. 2018 ലെ മഹാപ്രളയ സമയത്ത് ഇടിഞ്ഞു തുടങ്ങിയ ബണ്ട് റോഡിന്റെ അറ്റകുറ്റപണികള്‍ക്ക് അതേവര്‍ഷം തന്നെ റീ ബില്‍ഡ് കേരള പദ്ധതിയില്‍ നിന്നും തുക അനുവദിച്ചിരുന്നു. എന്നാല്‍ നാലു വര്‍ഷമായി കോണ്‍ട്രാക്ട് ഏറ്റെടുക്കാന്‍ ആളില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞു പണി നീളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വീണ്ടും റോഡ് ഇടിഞ്ഞതിനെ തുടര്‍ന്നു താത്ക്കാലിക സംവിധാനം ഒരുക്കിയ സമയത്തു തന്നെ എസ്റ്റിമേറ്റ് കൂട്ടി വെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല എന്നു മാത്രമല്ല ഇപ്പോള്‍ റോഡിന്റെ പകുതിയോളം ഇടിഞ്ഞു പുഴയിലേക്കു പോയിരിക്കുകയാണ്. ഈ ബണ്ട് തകര്‍ന്നാല്‍ ഒരിക്കലും നന്നാക്കാന്‍ സാധിക്കാത്ത വിധം അപായപ്പെടുകയും സമീപവാസികളായ ആളുകളുടെ ജീവനും സ്വത്തിനും കനത്ത നാശം ഉണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ജലസേചന വകുപ്പ് മന്ത്രി ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര നടപടി എടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. തിലകന് പൊയ്യാറ, വി.ഡി. സൈമണ്‍, എം.ആര്. സുധാകരന്, പി.എസ്. മണികണ്ഠന്, ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, സുരേഷ് പൊഴേകടവില്‍, പി.എസ്. മിഥുന്, അജീഷ് മേനോന്, സി.എസ്. വിജി, അല്ലി വില്‍സണ്‍, പി.വി. വിദ്യാനന്ദന്‍, സജീഷ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.