കേരള സ്റ്റേറ്റ് അണ്ടര്‍ 15 ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റിനു തുടക്കമായി
ഇരിങ്ങാലക്കുട: തൃശൂര്‍ ചെസ് അക്കാദമിയും ഡോണ്‍ബോസ്കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ഡോണ്‍ബോസ്കോ എന്‍.വി. ബാലഗോപാലന് മെമ്മോറിയല്‍ കേരള സ്റ്റേറ്റ് അണ്ടര്‍ 15 ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റിനു തുടക്കമായി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ഡോണ്‍ബോസ്കോ സ്പിരിച്ചല്‍ ആനിമേറ്റര്‍ ഫാ. ജോസിന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീരന് മുഖ്യാതിഥിയായിരുന്നു. ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ ഡോ. ഗോവിന്ദന്‍കുട്ടി, ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, തൃശൂര്‍ ചെസ് അക്കാദമി സെക്രട്ടറി ശ്യാം പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. 12 വയസിനു താഴെയുള്ളവരുടെ ദേശീയ ചാമ്പ്യന്‍ ഗൗതം കൃഷ്ണയെ യോഗത്തില്‍ ആദരിച്ചു. ആറു ദിവസം നീണ്ടു നില്ക്കുന്ന മത്സരങ്ങള്‍ 21 നു സമാപിക്കും. കേരളത്തില്‍ ആദ്യമായി നടത്തപ്പെടുന്ന സബ് ജൂണിയര്‍ ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 112 കളിക്കാര്‍ പങ്കെടുക്കും. വിജയികള്‍ക്കു രണ്ടുലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.