മഴക്കാല പൂര്‍വ ശുചിത്വം;കാട്ടൂര്‍ പഞ്ചായത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി.
കാട്ടൂര്‍: മഴക്കാല പൂര്‍വ ശുചിത്വത്തിന്റേയും പകര്‍ച്ചവ്യാധി തടയലിന്റേയും ഭാഗമായുള്ള പരിശോധനകള്‍ ശക്തമാക്കി കാട്ടൂരിലെ ആരോഗ്യവിഭാഗം. കാട്ടൂര്‍ ബസാര്‍ ഉള്‍പ്പെടെയുള്ള പരിസര പ്രദേശങ്ങളിലെ ഇറച്ചി, മല്‍സ്യ വ്യാപാര സ്ഥാപനങ്ങള്‍, കോഴിക്കടകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ ഭക്ഷണസാധങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളിലാണു മുഖ്യമായും പരിശോധനകള്‍ നടത്തിയത്. 18 ഓളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4500 രൂപ പിഴയീടാക്കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചുവന്നിരുന്ന രണ്ടു സ്ഥാപനങ്ങള്‍ താത്ക്കാലികമായി അടപ്പിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന രണ്ടു കടകള്‍, ശരിയായി മാലിന്യ നിര്‍മാര്‍ജനം നടത്താത്ത രണ്ടു കടകള്‍, ലൈസന്‍സ് ഇല്ലാതെയും ഹെല്‍ത്ത് കാര്ഡില്ലാതേയും പ്രവര്‍ത്തിച്ചു വന്നിരുന്ന ഒരു കട എന്നീ കടയുടമകളില്‍ നിന്നും പിഴയീടാക്കി. ചന്ത പരിസരത്തെ ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്തും വലക്കഴ റോഡ്, കനോലി കനാല്‍ പരിസരങ്ങളിലും അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞവരെ കണ്ടെത്തി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു വേണ്ട നടപടികളും സ്വീകരിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അശോക ബാറിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന സതീന്ദ്രന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അടപ്പിച്ചു. മാര്‍ക്കറ്റിനകത്ത് പ്രവര്‍ത്തിക്കുന്ന നന്ദന്‍സ് പൂജ കട ഭാഗികമായി അടച്ചു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. ആരോഗ്യവിഭാഗം ഇന്‍സ്പെക്ടര്‍ ഉമേഷ് നേതൃത്വം നല്കിയ പരിശോധന സംഘത്തില്‍ ജൂണിയര്‍ ഇന്‍സ്പെക്ടര്‍ നീതു, പഞ്ചായത്ത് സെക്ഷന്‍ ക്ലാര്‍ക്ക് ഇ.എസ്. അമല്‍, ഡ്രൈവര്‍ ധനേഷ് എന്നിവര്‍ പങ്കെടുത്തു.