മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ സ്മിതക്കും കുടുംബത്തിനും പുതുജീവിതം
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ഗുരുവിലാസം സ്മിത ചന്ദ്രനു സ്വന്തമായി വീടെന്ന സ്വപ്നം യഥാര്‍ഥ്യമാകുന്നു. സ്നേഹ ഭവന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു കൊരിമ്പിശേരിയില്‍ നിര്‍വഹിച്ചു. നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലും ജനകീയ സമിതിയും സംയുക്തമായാണു സ്നേഹഭവനം നിര്‍മിച്ചു നല്‍കുന്നത്. സുരക്ഷിതത്വത്തോടെ സ്വന്തമായൊരു വീടെന്ന സാധാരക്കാരന്റെ സ്വപ്നമാണു മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നു പൂവണിയുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണു കഷ്ടത അനുഭവിക്കുന്ന സഹജീവികള്‍ക്കു കൈത്താങ്ങായി മാറുന്ന പദ്ധതിയുടെ പ്രഥമ സ്നേഹഭവനം ഒരുങ്ങുന്നത്. യോഗത്തില്‍ എന്‍എസ്എസ് ടെക്ക്നിക്കല്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. അജിത അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, അമ്പിളി ജയന്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ജയന് അരിമ്പ്ര, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷൈലജ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.