വെള്ളക്കെട്ട് രൂക്ഷം, കോന്തിപുലം കെഎല്‍ഡിസി കനാലിലെ താത്കാലിക ബണ്ട് പൊളിച്ചുനീക്കണമെന്നാവശ്യം
മുരിയാട്: കെഎല്‍ഡിസി കനാലിലെ താത്കാലിക തടയണ പൂര്‍ണമായും പൊളിച്ചുനീക്കാത്തതിനാല്‍ മുരിയാട് പാടശേഖരങ്ങളിലേക്കു വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി ജംഗാര്‍ ഇറക്കി കോന്തിപുലം പാലത്തിനു താഴെ സ്ഥാപിച്ചിട്ടുള്ള താത്കാലിക ബണ്ട് പൂര്‍ണമായും പൊളിച്ചുനീക്കണമെന്നു നാട്ടുകാരും കര്‍ഷകരും ആവശ്യപ്പെട്ടു. കാലവര്‍ഷത്തെത്തുടര്‍ന്ന് ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടാണ് ഇപ്പോള്‍. ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥയാണു ബണ്ട് പൊളിച്ചുനീക്കല്‍ വൈകാന്‍ കാരണം. വെള്ളക്കെട്ടുമൂലം കൊയ്യാനാകാതെ നൂറേക്കറോളം സ്ഥലത്തെ കൃഷി മുഴുവന്‍ നശിച്ചുപോയി. അധികൃതരോടു നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ബണ്ടിന്റെ കുറച്ചുഭാഗം പൊളിച്ചുനീക്കിയെങ്കിലും പൂര്‍ണമായും നീക്കം ചെയ്യാത്തതിനാല്‍ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇറിഗേഷന്‍ കഴിഞ്ഞ ദിവസം ആളുകളെ നിര്‍ത്തി ബണ്ടിലെ മുളംകുറ്റികള്‍ പിഴുതുമാറ്റിയതല്ലാതെ മണ്ണുമാന്തി ഉപയോഗിച്ചു താഴ്ത്തിയ മുളകളും മണ്ണും നീക്കിയിട്ടില്ല. ശക്തമായ ഒഴുക്കുമൂലം ജംഗാര്‍ ഇറക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്നു കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ ഈ മഴയിലും കെഎല്‍ഡിസി കനാലില്‍ ആഴം വര്‍ധിപ്പിക്കാനുള്ള പണി നടക്കുകയാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ ഇവിടെനിന്നുള്ള ഒഴുക്ക് നിലയ്ക്കും. മുരിയാട്, പറപ്പൂക്കര, ആനന്ദപുരം എന്നീ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ബണ്ടിനു മുകളില്‍ വെള്ളം ഉയര്‍ന്നുകഴിഞ്ഞാല്‍ പിന്നീട് ബണ്ട് പൊളിക്കല്‍ നടക്കില്ല. ഇത് അടുത്ത വര്‍ഷം കൃഷിയിറക്കല്‍ വൈകിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.