പ്രവേശനോല്‍സവം: ഗൃഹാതുരത്വ സ്മരണകളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടകയായി
ഇന്ത്യയുടെ നാനാത്വത്തെ അംഗീകരിക്കുന്ന സമൂഹമായി കുട്ടികള്‍ വളര്‍ന്നുവരണം- മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഇന്ത്യയുടെ നാനാതത്വത്തെ അംഗീകരിക്കുന്ന സമൂഹമായി കുട്ടികള്‍ വളര്‍ന്നു വരണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഉപജില്ലാ തല പ്രവേശനോല്‍സവം ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യത്വത്തോടെ മറ്റുള്ളവരെ ചേര്‍ത്തുപിടിക്കാനും കുട്ടികള്‍ക്കു കഴിയണം. ആദ്യക്ഷരം കുറിച്ച വിദ്യാലയത്തില്‍ വകുപ്പു മന്ത്രിയായി പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മന്ത്രി വേദിയില്‍ പ്രകടിപ്പിച്ചു. എന്നിലുള്ള മികവിനെ വളര്‍ത്താന്‍ ഈ കലാലയത്തിലെ അധ്യാപകരും സഹപാഠികളും ഏറെ സഹായിച്ചിരുന്നു. അവരോടുള്ള നന്ദിയും കടപ്പാടും ഏറെ വലുതാണ്. ഈ കലാലയത്തോടുള്ള സ്നേഹവും അഭിമാനവും എന്നും മനസില്‍ സൂക്ഷിക്കുന്ന വ്യക്തിയാണു താനെന്നു മന്ത്രി കൂട്ടിചേര്‍ത്തു.
സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയില്‍ രണ്ടു കോടി രൂപ അനുവദിച്ചതായി മന്ത്രി ചടങ്ങില്‍ പറഞ്ഞു. സ്കൂളിലെ നിലവിലുള്ള നാലുകെട്ടിന്റെ പുരാവസ്തുമൂല്യം പരമാവധി സംരക്ഷിച്ചു കൊണ്ടായിരിക്കും പുതിയ നിര്‍മാണ പ്രവൃത്തികളെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു.
നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സണ്‍ പാറേക്കാടന്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, പിടിഎ പ്രസിഡന്റ് വി.വി. റാള്‍ഫ്, എല്‍പി വിഭാഗം പിടിഎ പ്രസിഡന്റ് വൃന്ദ രാധാകൃഷ്ണന്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.ഡി. സുരേഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.സി. നിഷ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, ബിപിസി ഇരിങ്ങാലക്കുട വി.ബി. സിന്ധു, ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് പ്രതിനിധി മായാദേവി, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് കെ.വി. വൃന്ദ, പ്രവേശനോത്സവം സംഘാടക സമിതി ജോയിന്റ് ജനറല്‍ കണ്‍വീനറും എല്‍പി ഹെഡ്മിസ്ട്രസുമായ പി.ബി. അസീന എന്നിവര്‍ പ്രസംഗിച്ചു.