കൊടുങ്ങല്ലൂര്‍ മൈലാപ്പൂര് മാര്‍തോമാ കബറിട തീര്‍ഥാടനം
ആളൂര്‍: ഭാരത അപ്പസ്തോലന് മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19ാം ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മുഖപത്രം ‘കേരളസഭ’യുടെ നേതൃത്വത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും വൈദികരും അല്മായരും ഉള്‍പ്പെട്ട 52 പേരുടെ തീര്‍ഥാടകസംഘം വിശുദ്ധന്റെ രക്തസാക്ഷിത്വ ഭൂമിയായ മൈലാപ്പൂരിലേക്ക് ട്രെയിന്‍ മാര്‍ഗം പുറപ്പെട്ടു. മൈലാപ്പൂരിലെ സാന്തോം കത്തീഡ്രലില്‍ വിശുദ്ധന്റെ കബറിടത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് ചിന്നമല, പെരിയമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു വൈകീട്ട് ട്രെയിന്‍ മാര്‍ഗം തന്നെ സംഘം കേരളത്തിലേക്ക് യാത്ര തിരിക്കും. തീര്‍ഥാടനത്തിനു മുന്നോടിയായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തിലും അഴീക്കോട് തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കത്തിലും തീര്‍ഥാടകസംഘം പങ്കെടുത്തു.