സകലകല പദ്ധതി വിദ്യാലയങ്ങളെ സര്‍വകലാശാല നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും: മന്ത്രി ഡോ.ആര്. ബിന്ദു

ഇരിങ്ങാലക്കുട: പൊതുവിദ്യാലയങ്ങളെ സര്‍വകലാശാലകളുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്ന പദ്ധതിയാണ് സകലകല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു. മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്കൂളിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള തനത് പദ്ധതി സകലകലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൂട്ടായ്മയുടെ കരുത്തു
കൊണ്ട് പരിമിതികളെ അതിജീവിക്കാനും മികച്ച വിദ്യാലയ മാതൃകകള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് സാധിച്ചു. കലാകായിക പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും അവര്‍ക്ക് പൊതുവായി ഇടപെടാനുള്ള ഊര്‍ജ്ജം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സകലകലാ പദ്ധതിയുടെ ഭാഗമായി ബാന്‍ഡ്, ശില്പകല, ചെണ്ട, സംഗീതം, ചിത്രരചന, ഡാന്‍സ്, കരാട്ടെ എന്നീ ഇനങ്ങളിലുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. പഠനമികവിന് ഒപ്പം തന്നെ വിദ്യാര്‍ഥികളിലെ കലാപരമായ ശേഷികളുടെ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ സംസ്ഥാന തല ഉപന്യാസ മത്സര വിജയി സി.എസ്. ഹൃദ്യ, എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളായ കെ.എസ്. കൃഷ്ണേന്ദു, അഭിരാം അജയന് എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്കി മന്ത്രി അനുമോദിച്ചു. നഗരസഭ മുനിസിപ്പല്‍ ചെയപേഴ്സണ്‍ സോണിയ ഗിരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് പ്രതിനിധി എ.എസ്. ലിജി, എഇഒ. എം.സി. നിഷ സ്കൂള്‍ പ്രധാനധ്യാപിക കെ. മിനി വേലായുധന് എന്നിവര്‍ പങ്കെടുത്തു.