ഫോട്ടോഗ്രാഫര്‍ തിരക്കിലാണ്: സ്റ്റുഡിയോയിലല്ല, സ്വന്തം കൃഷിയിടത്തില്‍
ഇരിങ്ങാലക്കുട: ഫോട്ടോഗ്രാഫി കലയും തൊഴിലുമായി കൊണ്ടു നടക്കുമ്പോഴും ബാബുരാജ് പൊറത്തിശേരിക്കു കൃഷിയോടുള്ള മമത ഒട്ടും കുറവില്ലായിരുന്നു. പക്ഷേ ജോലി സംബന്ധമായ തിരക്കിനിടയില്‍ സമയം കണ്ടെത്തുക ശ്രമകരമായിരുന്നു. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ കാമറ അഴിച്ചുവെച്ച് തന്റെ പുരയിടത്തിലേക്ക് ഇറങ്ങാന്‍ നിശ്ചയിച്ചു. മണ്‍വെട്ടി കൈയിലെടുത്തതു നേരെ തന്റെ കൃഷിയിടത്തിലേക്ക് തിരിഞ്ഞു. ഫോട്ടോഗ്രാഫിപോലെ കൃഷിയും തനിക്കു വഴങ്ങുമെന്നു തെളിയിക്കാന്‍ കഴിഞ്ഞ നാലുമാസംകൊണ്ടു ഇദ്ദേഹത്തിനു കഴിഞ്ഞു. സഹായിക്കാനായി ഭാര്യ ലതയും മക്കളായ ശ്രുതിയും ശ്രീരാഗും കൂടെ കൂടിയപ്പോള്‍ അതിനുള്ള ഫലവും ചെറുതല്ലായിരുന്നു. സ്വന്തം മണ്ണില്‍ വിളയിച്ച തക്കാളിയും വഴുതനയും പടവലവും പച്ചമുളകും ക്വാളിഫ്ളവറും കണ്‍കുളിര്‍ക്കെ കണ്ടപ്പോള്‍ ഒരു നല്ല ഫോട്ടോ എടുത്താല്‍ കിട്ടുന്ന സംതൃപ്തിയാണു തനിക്കുണ്ടായതെന്നു ബാബുരാജ് പറഞ്ഞു. ഇതോടെ ബാബുരാജ് ഒരുക്കിയ ഒരു ലോക്ക് ഡൗണ്‍ ആല്‍ബം പറയും ആ കൃഷിജീവിതം.
ലോക്ക് ഡൗണ്‍ കാലത്ത് കുടുംബത്തോടൊപ്പം വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് ചെയ്ത പച്ചക്കറിക്കൃഷിയും അവയുടെ വിളവെടുപ്പും ചേര്‍ത്ത് 18 പേജിലാണു ഒരു ലോക്ക് ഡൗണ്‍ കൃഷിഗാഥ ആല്‍ബം ഒരുക്കിയിട്ടുള്ളത്. ഓരോ തവണയും ലഭിച്ച പച്ചക്കറികള്‍ ചേര്‍ത്തുവെച്ച് വിവിധ ഡിസൈനില്‍ ഫോട്ടോയെടുത്തപ്പോഴാണു ആല്‍ബം എന്ന ആശയം മനസിലുദിച്ചതെന്നു ബാബുരാജ് പറഞ്ഞു. മൂന്നര പതിറ്റാണ്ടായി ഫോട്ടോഗ്രാഫി തൊഴിലായി കൊണ്ടുനടക്കുമ്പോഴും കൃഷിയോടടുത്തുള്ള താത്പര്യം ഉള്ളിലുണ്ടായിരുന്നുവെന്നും എന്നാല്‍ സ്റ്റുഡിയോയിലെ തിരക്കുകാരണം കൃഷി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ബാബുരാജ് പറഞ്ഞു.
22 സെന്റ് സ്ഥലത്തും ടെറസിലുമായി വ്യത്യസ്തയിനം പച്ചക്കറികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മത്തങ്ങ, കുമ്പളങ്ങ, പടവലം എന്നിവ ടെറസിനു മുകളിലേക്കു പടര്‍ത്തി. കയ്പയ്ക്ക, വെണ്ട, തക്കാളി, ക്വാളിഫ്ളവര്‍, കാബേജ്, വഴുതനങ്ങ, രണ്ടുതരം പയര്‍ തുടങ്ങി എല്ലാതരം പച്ചക്കറികളും കൃഷി ചെയ്തു. ഇതിനുപുറമെ ഒമ്പതുതരം പച്ചമുളകും ബാബുരാജിന്റെ തോട്ടത്തിലുണ്ട്. ഏതാനും മാസങ്ങളായി വീട്ടാവശ്യത്തിനു പച്ചക്കറികള്‍ വാങ്ങേണ്ടിവന്നിട്ടില്ല. സ്ഥലമല്ല പ്രധാനം കൃഷി ചെയ്യാനുള്ള മനസാണു വേണ്ടത്. അതുണ്ടെങ്കില്‍ സ്ഥലവും സൗകര്യങ്ങളുമെല്ലാം ഉണ്ടാകുമെന്ന വരികളാണു ബാബുരാജിനു പ്രചോദനമായത്. സ്റ്റുഡിയോയില്‍ മാത്രം ഒതുങ്ങുന്ന ഫോട്ടോഗ്രാഫറല്ല ബാബുരാജ്. എഴുത്തുകാരന് കൂടിയായ ഇദ്ദേഹം ഇതിനകം ആറു പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ബാബുരാജ് ആധ്യാത്മിക തലത്തിലുള്ള ലേഖനങ്ങളും ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും ക്ഷേത്രത്തിലെ ഏതൊരു വിശേഷത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തുന്നത് ബാബുരാജാണ്.