കെഎല്‍ഡിസി ബണ്ട് റോഡ് തകര്‍ച്ച, നാട്ടുകാരില്‍ വന്‍ ആശങ്ക
കരുവന്നൂര്‍: കനത്തമഴയില്‍ പുത്തന്‍തോട് പാലത്തിനു സമീപത്തുള്ള വടക്കുഭാഗത്തെ കെഎല്‍ഡിസി ബണ്ട് റോഡിന്റെ അരിക് ഇടിഞ്ഞത് നാട്ടുക്കാരില്‍ ഏറെ ആശങ്ക സൃഷ്ടിച്ചു. 2018, 2019 പ്രളയങ്ങള്‍ നാശകേശമാക്കിയ റോഡിനു ഇനിയും ഒരു മഴക്കാലം അതിജീവിക്കാനാകില്ലെന്നു കാണുന്നവര്‍ക്കെല്ലാം ഒരുപോലെ തോന്നിക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തിന്നതിനെ സംബന്ധിച്ച് അധികാരികള്‍ പരസ്പരം പഴിചാരി വൈകിക്കുന്നതില്‍ നാട്ടുകാര്‍ ആശങ്കയും അമര്‍ഷവും രേഖപ്പെടുത്തി. മഴ കനക്കുന്നതിനാല്‍ റോഡ് രണ്ടായി പിളരുവാനും വീടുകള്‍ വെള്ളത്തിലാകാനും സാധ്യതയുണ്ടെന്നു പഠന റിപ്പോര്‍ട്ട് ഉണ്ടായിട്ടും അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്കി. മണ്ണിടിച്ചില്‍ തടയാന്‍ താത്കാലിക സംവിധാനം ഒരുക്കുന്നതിനു മുനിസിപ്പല്‍ എന്‍ജിനീയറുമായി ചെന്ന് എസ്റ്റിമേറ്റ് തയാറാക്കാന്‍ കളക്ടര്‍ മുകുന്ദപുരം തഹസില്‍ദാരോടു നിര്‍ദേശിച്ചിരുന്നു. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് താത്കാലിക സംവിധാനമൊരുക്കാന്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണു കഴിഞ്ഞ രണ്ടു പ്രളയത്തിലും ഇടിഞ്ഞ് പുല്ലുമൂടിയ ഭാഗത്ത് വീണ്ടും ഇടിഞ്ഞത്. 2018ലെ പ്രളയത്തിലാണു പുത്തന്‍തോട് പാലത്തിനു സമീപം മൂര്‍ക്കനാട്, ചെമ്മണ്ട എന്നീ ഭാഗങ്ങളിലേക്കു പോകുന്ന തെക്കേ ബണ്ട് റോഡിന്റെ അരിക് ആദ്യം ഇടിഞ്ഞുവീണത്.