നൈപുണ്യ മേളയില്‍ താരമായി ക്രൈസ്റ്റ് കോളജിന്റെ റോബോട്ടിക് വിസ്മയങ്ങള്‍
ഇരിങ്ങാലക്കുട: അസാപ് നൈപുണ്യ പരിചയ മേളയില്‍ കൂടുതല്‍ പേരെ ആകര്‍ഷിച്ചത് റോബോട്ടിക് സാങ്കേതിക വിദ്യയിലൂടെ പേരു കേട്ട ക്രൈസ്റ്റ് കോളജിന്റെ സംരംഭമായ ക്രൈസ്റ്റ് സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ആന്‍ഡ് ഓപ്പന്‍ ലേണിംഗ് സെന്ററിന്റെ റോബോട്ടിക് സാങ്കേതികവിദ്യയുടെ പ്രദര്‍ശനം. കടല്‍, തടാകങ്ങള്‍, ഡാമുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ അന്തര്‍വാഹിനി കപ്പലുകള്‍ പോലെയും മനുഷ്യരെ പോലെയും സ്കൂബ ഡൈവിങ്ങ്് ചെയ്യുന്ന വാട്ടര്‍ റോബോട്ട്, കോവിഡ് കാലത്ത് മനുഷ്യ സമ്പര്‍ക്കം ദുസഹമായ വേളയില്‍ രോഗികള്‍ക്കടുത്തേക്ക് ഭക്ഷണം എത്തിച്ചു നല്കിയ നേഴ്സിംഗ് റോബോട്ട്, ത്രിമാന അച്ചടി രംഗത്ത് സാന്നിധ്യം അറിയിച്ച ത്രിഡി പ്രിന്റിംഗ് റോബോട്ട്, വസ്തുക്കള്‍ ഒരിടത്തു നിന്നും മറ്റൊരു ഇടത്തേക്ക് നിക്ഷേപിക്കാന്‍ വസ്തുക്കള്‍ കൊണ്ടുപോകുന്ന ലൈന്‍ ഫോളോവര്‍ റോബോട്ട്, ക്രമസമാധാനം പാലിക്കുന്നതിനു വേണ്ടിയുള്ള സന്ദേശങ്ങള്‍ നല്കുന്ന പോലീസ് റോബോട്ട്, മനുഷ്യ രൂപത്തില്‍ മാത്രമല്ല, മൃഗങ്ങളുടെ രൂപത്തിലും മറ്റേത് രൂപത്തിലും പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന അനിമെട്രിക് റോബോട്ട് എന്നിവയുമെല്ലാം ക്രൈസ്റ്റ് കോളജിന്റെ സ്റ്റാളില്‍ അണിനിരന്നു. റോബോ ഫെസ്റ്റ് എന്നാണ് അവര്‍ പ്രദര്‍ശനത്തിന് നല്കിയ പേര്. സ്റ്റാളുകളിലേക്കുള്ള പ്രവേശന കവാടത്തില്‍ ജലാശയത്തിന്റെ മാതൃക സൃഷ്ടിച്ച് അന്തര്‍വാഹിനിയായി ഉപയോഗിക്കാവുന്ന റോബോട്ടിക് കപ്പലിന്റെ സാങ്കേതിക വിദ്യ ലൈവായി പരിചയപ്പെടുത്തിയിരുന്നു. ജലാശയങ്ങള്‍ക്കുള്ളില്‍ നൂറ്റി നാല്‍പ്പത് അടി താഴ്ചയില്‍ പോകാന്‍ ശേഷിയുള്ള റോബോട്ടുകളായ അന്തര്‍ വാഹിനി റോബോട്ടുകള്‍ മികച്ച രീതിയില്‍ വികസിപ്പിക്കാന്‍ സെന്ററിന് കഴിഞ്ഞിട്ടുണ്ട്. കൂറ്റന്‍ ദിനോസര്‍ മുതല്‍ വിക്രം വേദ സിനിമയിലെ കൊച്ചു കുട്ടിയെ വരെ കൃത്രിമമായി നിര്‍മിക്കാന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് അനിമെട്രോണിക്സ്, മനുഷ്യ രൂപങ്ങളെ സൃഷ്ടിക്കുന്ന ഹ്യുമനോയിഡ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള റോബോട്ടുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഏതൊരാള്‍ക്കും അറിയാനും പഠിക്കാനും കഴിയുന്ന ഓപ്പണ്‍ ലേണിംഗ് സംവിധാനമാണ് ക്രൈസ്റ്റ് കോളജിലെ ഇന്നവേഷന്‍ സെന്ററില്‍ ഒരുക്കിയത്. മറ്റ് സ്ഥാപനങ്ങളിലെ സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച് കൊണ്ടാണ് ഇവര്‍ക്ക് നിരവധി നേട്ടങ്ങള്‍ സാധ്യമായത്. കേരള സര്‍ക്കാരിന്റെ നവകേരള നിര്‍മിതിയുടെ ഭാഗമാകാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി ശ്രമിക്കുന്നതായി സെന്ററിന്റെ മേധാവിയും മുഖ്യ ആസൂത്രകനുമായ സുനില്‍ പോള്‍ അറിയിച്ചു.