വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നെതര്‍ലാന്‍ഡ് സംഘം സന്ദര്‍ശനം നടത്തി

കോണത്തുക്കുന്ന്: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളേക്കുറിച്ച്, കേരള ദുരന്തനിവാരണ അതോറിറ്റി നെതര്‍ലാന്‍ഡിലെ ട്വന്റെ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച്, റെഡ് ക്രോസ് ക്ലൈ മറ്റ് സെന്ററും ഡച്ച് കാലാവസ്ഥ ഇന്സ്റ്റ്യൂട്ടും (കെഎന്എംഐ), കിലയും സംയുക്തമായി നടത്തുന്ന ഗവേഷണ പരിപാടിയുടെ ഭാഗമായി, ഇന്റേണ്‍ഷിപ്പിനായി നെതര്‍ലാന്റില്‍നിന്നും എത്തിയ ബിരുദ വിദ്യാര്‍ഥിനി വര ഗ്ലാസ് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ദുരന്ത നിവാരണ കര്‍മ്മപദ്ധതി, പ്രളയകാല പ്രവര്‍ത്തനങ്ങള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വൈസ് പ്രസിഡന്റ് സൂജന ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷറഫുദ്ദീന്, ജിയോ ഡേവിസ് എന്നിവരുമായി ചര്‍ച്ചനടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. റിഷി, അസിസ്റ്റന്റ് സെക്രട്ടറി സുജന്‍ പൂപ്പത്തി എന്നിവര്‍ ഗ്രാമപഞ്ചായത്തിന്റെ ദുരന്തനിവാരണ കര്‍മ്മപദ്ധതിയും മുന്നൊരുക്കങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. കിലയില്‍ നിന്നുള്ള റിസര്‍ച്ച് അസിസ്റ്റന്റ് എസ്.എസ്. ഷനയോടൊപ്പം എത്തിയ ഇന്റേണ്‍ അതിഥികള്‍ക്കായുള്ള ഡയറിയില്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളിലും കൂട്ടായ പ്രവര്‍ത്തനങ്ങളിലും സംതൃപ്തിയും, ഹൃദ്യമായ സ്വീകരണത്തിന് നന്ദിയും രേഖപ്പെടുത്തി. വര ഗ്ലാസിന് ഗ്രാമപഞ്ചായത്തിന്റെ വകയായുള്ള ഉപഹാരം പ്രസിഡന്റ് കൈമാറി.