ആഗോളീകരണം ഏറെ ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയും-ആനി രാജ
ഇരിങ്ങാലക്കുട: ആഗോളീകരണത്തിന്റെ ആഘാതം കൂടുതല്‍ ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയുമാണെന്ന് എന്‍എഫ്ഐഡബ്ല്യു ദേശീയ ജനറല്‍ സെക്രട്ടറിയും സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ ആനി രാജ അഭിപ്രായപ്പെട്ടു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെയും കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ‘ആഗോളീകരണകാലത്തെ സ്ത്രീപക്ഷനിലപാടുകള്‍’ എന്ന വിഷയത്തില്‍ നടത്തിയ വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനി രാജ. പോഷകാഹാരക്കുറവും വിളര്‍ച്ചയും സ്ത്രീകള്‍ക്കിടയില്‍ വര്‍ധിക്കുന്നത് ആഗോളീകരണത്തിന്റെ സൃഷ്ടിയാണ്. സ്ത്രീവിഭാഗത്തിന്റെ വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ് അവയില്‍ ഇടപെടാന്‍ മഹിളാപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന സെമിനാറില്‍ മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീലാ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ആര്. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. മഹിളാസംഘം ജില്ലാ സെക്രട്ടറി എം. സ്വര്‍ണലത, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മണ്ഡലം സെക്രട്ടറി പി. മണി, വി.എസ്. സുനില്‍കുമാര്‍, ടി.ആര്. രമേഷ്കുമാര്‍, ഷീന പറയങ്ങാട്ടില്‍, കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, കെ.എസ്. ജയ എന്നിവര്‍ പ്രസംഗിച്ചു.