പോക്സോ കേസില്‍ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി അറസ്റ്റില്‍
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവിലായിരുന്ന മദ്രസ അധ്യാപകന് പിടിയിലായി. ആത്മീയ നേതാവും അന്തിക്കാട് ജുമാ മസ്ജിദിലെ മുഖ്യ പുരോഹിതന്യം മദ്രസ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫിയെയാണ് (52) തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്വ ഡോങ്ങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ കീഴില്‍ പഠിക്കുന്ന പതിനാലു വയസുകാരനായ ആണ്‍കുട്ടിയെ രാത്രി നിസ്കാരത്തിന് ശേഷം നിര്‍ബന്ധപൂര്‍വം റൂമിലേക്ക് കൂട്ടി കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് വിധേയനാക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചും നാടും വീടുമായി ബന്ധപ്പെടാതെ പല തീര്‍ഥാടന കേന്ദ്രങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. വളരെ കാലമായി അന്തിക്കാട് മദ്രസ അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന പ്രതിക്ക് അന്തിക്കാട് മേഖലയില്‍ ആരാധകരും ഉണ്ടായിരുന്നു. ഇയാള്‍ ചില ചികിത്സാ രീതികളും നടത്തിയിരുന്നതായി പറയുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ കേസ് സംബന്ധമായ കാര്യങ്ങള്‍ക്കായി രഹസ്യമായി പോകുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. ഒളിവില്‍ പോയതു മുതല്‍ ഇയാളുടെയും ബന്ധുക്കളുടേയും നീക്കങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇയാള്‍ പോകാനിടയുള്ള പല കേന്ദ്രങ്ങളിലും പോലീസ് പല സംഘങ്ങളായി അന്വേഷിച്ചെത്തിയിരുന്നു. ഒളിവില്‍ പോകുവാന്‍ ഇയാള്‍ക്ക് ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ വി.എച്ച്. സ്റ്റീഫന്‍, എ എസ്ഐ മാരായ പി. ജയകൃഷ്ണന്, മുഹമ്മദ് അഷറഫ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, സോണി സേവ്യര്‍, സിപിഒ മാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവല്‍, കെ.ബി. ഷറഫുദ്ദീന്, അന്തിക്കാട് എസ്ഐ ഹരീഷ്, ബനടിക്ട്, എഎസ്ഐ മാരായ ജയന്, അസീസ്, സീനിയര്‍ സിപിഒ മാരായ മുരുകദാസ്, സുര്‍ജിത്, ഡേവിഡ് എന്നിവര്‍ പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.