അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കും റവന്യൂ മന്ത്രി അഡ്വ. കെ. രാജന്
ഇരിങ്ങാലക്കുട: അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്റെ കീഴിലുള്ള മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകള്‍ ,സ്പെഷ്യല്‍ തഹസില്‍ദാര്‍ (എആര്‍) ഇരിങ്ങാലക്കുട എന്നീ ഓഫീസുകളുടെ കീഴില്‍ വരുന്ന 2413 പട്ടയങ്ങളുടെ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാര്‍ 177000 കുടുംബങ്ങളെയാണ് ഭൂമിയുടെ അവകാശികള്‍ ആക്കി മാറ്റിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 54535 കുടുംബങ്ങളെ ഭൂമിയുടെ അവകാശികള്‍ ആക്കി മാറ്റാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളെയും സ്മാര്‍ട്ട് ആക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. റവന്യൂ വകുപ്പില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.നടപടികള്‍ ഓണ്‍ലൈനില്‍ ആകുമ്പോള്‍ സാധാരണക്കാരന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വീടുകളിലെയും ഒരാളെയെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്ന ഇ സാക്ഷരത പദ്ധതി ജനകീയ പങ്കാളിത്തതോടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഗായത്രി ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും റവന്യൂ മന്ത്രി നിര്‍വഹിച്ചു.അഡ്വ വി ആര് സുനില്‍കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റര്‍,നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ടുമാരായ ലളിത ബാലന്, വിജയലക്ഷ്മി വിനയചന്ദ്രന്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ സ്വാഗതവും ആര്‍ഡിഒ എം എച്ച് ഹരീഷ് നന്ദിയും പറഞ്ഞു.