സെന്റ് ജോസഫ്സ് കോളജിന്റെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര അംഗീകാരം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്കു കേന്ദ്ര ബയോടെക്നോളജി (ഡിബിട്ടി, ഗവ. ഓഫ് ഇന്ത്യ) ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരം ലഭിച്ചു. ഇരിങ്ങാലക്കുട കമ്യൂണിക്കബിള്‍ ഡീസീസസ് റിസര്‍ച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ഇ.എം. അനീഷാണു പദ്ധതിക്കു പിന്നില്‍. 2013 മുതല്‍ വയനാട്ടില്‍ മനുഷ്യരില്‍ കുരങ്ങുപനിയും തുടര്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധേയ ഗവേഷണ പഠനങ്ങള്‍ നടന്നിരുന്നില്ല. ഡോ. അനീഷ്, കൊതുകുജന്യ രോഗനിയന്ത്രണ മാര്ഗങ്ങളെക്കുറിച്ചു എട്ട് ഗവേഷണപദ്ധതികള്‍ പൂര്‍ത്തിയാക്കുകയും അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കുരങ്ങുപനി പകര്‍ത്തുന്ന ചെള്ളുകളുടെ ജനിതക വ്യതിയാനങ്ങളെക്കുറിച്ചും ചെള്ളുകള്‍ സംവഹിക്കുന്ന രോഗവാഹകരായ സൂക്ഷ്മ ജീവിളെകുറിച്ചും പ്രതിരോധമാര്ഗങ്ങളെക്കുറിച്ചുമാണു ഗവേഷണം. കെഎഫ്ഡിവി വൈറസ് വരുത്തുന്ന ഈ അസുഖത്തെക്കുറിച്ചുള്ള ഗവേഷണ പഠനം രോഗ പ്രതിരോധമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും സഹായകമാവുമെന്നു പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ് അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷം നീളുന്ന ഗവേഷണ പദ്ധതിക്കു ലബോറട്ടറി അനുബന്ധ ഉപകരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് വര്‍ക്ക്, ഗവേഷകര്‍ക്കുള്ള ഫെലോഷിപ്പുകള്‍ എന്നിവയ്ക്കാണു ഡിബിട്ടി ധനസഹായം നല്‍കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ഏര്‍പ്പെടുത്തിയ യംഗ് സയന്റ്റിസ്റ്റ് അവാര്‍ഡ്, യുജിസി റിസര്‍ച്ച് അവാര്‍ഡ് എന്നിവയും അനീഷ് കരസ്ഥമാക്കിയിട്ടുണ്ട്. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്ത് കേന്ദ്രീകരിച്ചാണു ഗവേഷണപഠനങ്ങള്‍ നടക്കുക.