കൂടല്‍മാണിക്യം ക്ഷേത്രം; പടിഞ്ഞാറേ നടപ്പന്തല്‍ നവീകരണം വേഗത്തിലാക്കും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പടിഞ്ഞാറേ നടപ്പന്തലിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ദേവസ്വം വിളിച്ച ഭക്തജനങ്ങളുടെ യോഗത്തില്‍ തീരുമാനം. പടിഞ്ഞാറേ നടപ്പുരയുടെ പൈതൃകസ്വഭാവം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ഭക്തജനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തത്. ഒന്നരക്കോടിയുടെ എസ്റ്റിമേറ്റ് ആണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, രണ്ട് കോടിയോളം വേണ്ടിവരുമെന്നാണ് ഭക്തജനങ്ങളുടെ വിലയിരുത്തല്‍. പന്തലിന്റെ മേല്‍ക്കൂര പൊളിച്ചിറക്കിയാല് മാത്രമേ കൃത്യമായി കണക്കാക്കാനാകൂവെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ പദ്ധതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പടിഞ്ഞാറേ ഊട്ടുപുരയില്‍ നടന്ന യോഗത്തില്‍ ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് അധ്യക്ഷനായി. കൂടല്‍മാണിക്യം ദേവസ്വം കണ്‍സള്‍ട്ടന്റ് പ്രഫ. ലക്ഷ്മണന് നായരുടെ നേതൃത്വത്തില്‍ കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്ട് സൂര്യ പ്രശാന്ത്, ആര്‍ക്കിടെക്ട് അര്ജുന് രാജന് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.