കെ. രാഘവന് മാസ്റ്റര്‍ പുരസ്കാരം പി. ജയചന്ദ്രന്
ഇരിങ്ങാലക്കുട: സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കെപിഎസി രൂപം നല്കിയ കെ. രാഘവന് മാസ്റ്റര്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്കാരത്തിന് ഭാവഗായകന് പി. ജയചന്ദ്രനെ തെരഞ്ഞെടുത്തു. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി, സംഗീതനിരൂപകന്‍ രവിമേനോന്, ഗായിക ലതിക എന്നിവരടങ്ങുന്ന വിധിനിര്‍ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാള ചലച്ചിത്ര ഗാനരംഗത്ത് മനോഹരമായ അനേകം നിത്യഹരിത ഗാനങ്ങളിലൂടെ നിറസാന്നിധ്യമായ മഹാഗായകനാണ് പി. ജയചന്ദ്രന്. കേരളീയ പ്രകൃതിയുടെയും ജീവിത സംസ്കാരത്തിന്റേയും ഹൃദയമുദ്രകള്‍ പതിഞ്ഞ പാട്ടുകളിലൂടെ ആസ്വാദകരുടെ ആരാധനാപാത്രമായി മാറിയ പ്രതിഭാശാലിയാണ് അദ്ദേഹം. സംഗീതരംഗത്തെ കുലപതികളില്‍ ഒരാളായിരുന്ന കെ. രാഘവന് മാസ്റ്ററുടെ പേരില്‍ ഫൗണ്ടേഷന് നല്കുന്ന മൂന്നാമത് പുരസ്കാരം പി. ജയചന്ദ്രന്റെ സര്‍ഗാത്മക ജീവിതത്തിന് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുത്തതിലെ ചാരിതാര്‍ഥ്യം വിധിനിര്‍ണയസമിതി അംഗങ്ങള്‍ പങ്കുവെച്ചു. ശ്രീകുമാരന്‍ തമ്പി, വിദ്യാധരന് മാസ്റ്റര്‍ എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരം ലഭിച്ചത്. നവംബര്‍ അവസാനവാരം പി. ജയചന്ദ്രന്റെ ജന്മനാടായ ഇരിങ്ങാലക്കുടയില്‍ ഒരുക്കുന്ന വിപുലമായ ചടങ്ങില്‍ വെച്ച് പുരസ്കാരം സമര്‍പ്പിക്കുന്നതാണെന്ന് ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു.