പെരുവനം കുട്ടന്മാരാര്ക്കു മട്ടന്നൂര്‍ ശ്രീരാജനും പത്മജോതി പുരസ്ക്കാരം

ഇരിങ്ങാലക്കുട: ഹിന്ദി-തെന്നിന്ത്യന്‍ മലയാള ചലചിത്രങ്ങളില്‍ ഒരു കാലയളവിലെ താരപ്രഭയും അനുഗ്രഹീത ഭരതനാട്യ നിര്ത്തകയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ (തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ട ലളിത-രാഗിണി-പത്മിനിമാരില് ഒരാള്‍) സ്മരണാര്‍ഥം അവരുടെ മകന്, അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ പ്രേം രാമചന്ദ്രന് പത്മജോതി എന്ന പേരില്‍ രണ്ടു പുരസ്ക്കാരങ്ങള്‍ ദൃശ്യ ശ്രവകലകളില് മികച്ച സംഭാവനകള്‍ നല്കുന്നവര്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രഗത്ഭമതികളായ മുതിര്‍ന്ന കലാകാരന്മാര്ക്കും കലാകാരികള്‍ക്കും യുവകലാപ്രതിഭകള്ക്കുമാണ്. 2022ലെ പുരസ്ക്കാരങ്ങള്‍ കേരളീയ വാദ്യകലകളില്‍ പതിപ്പിച്ചിട്ടുള്ളവര്ക്കാണ്

സമ്മാനിക്കുന്നത്. മുതിര്‍ന്ന കലാകാരന്മാര്ക്കായി നിശ്ചയിച്ചിട്ടുള്ള പുരസ്ക്കാരത്തിന് മേളാചാര്യര് പെരുവനം കുട്ടന്മാരാരും, യുവ പ്രതിഭയ്ക്കുള്ള പുരസ്ക്കാരത്തിന് തായമ്പകയിലെ നാദനിര്ത്ധരിയായ മട്ടന്നൂര്‍ ശ്രീരാജും അര്‍ഹരായിരിക്കുന്നു. 75000 രൂപയും ശില്പവും പൊന്നാടയും ഉള്പ്പെയുന്നതാണ് ആദ്യ പുരസ്ക്കാരം. 25000 രൂപയും ശില്പവും പൊന്നാടയും ചേര്‍ന്നതാണ് യുവപ്രതിഭയ്ക്കുള്ള പുരസ്ക്കാരം. പ്രശസ്തചരിത്രകാരനും, കലാപ്രണയിയുമായ ഡോ. രാജന് ഗുരുക്കള്‍, കലാവിമര്‍ശകനായ വി. കലാധരന്‍, വി.കെ. അനില്‍കുമാര്‍, പ്രേം രാമചന്ദ്രന് എന്നിവരടങ്ങുന്ന പുരസ്ക്കാര നിര്‍ണയസമിതിയാണ് പുരസ്കൃതരെ തീരുമാനിച്ചത്. സംസ്ഥാന, സാംസ്കാരിക ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ വാദ്യകുലപതി പുല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യാസ്വദകസമിതി സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശിയ പുല്ലാവൂര്‍ താളവാദ്യമഹോത്സവത്തോടനുബന്ധിച്ച് പത്മിനിയുടെ നവതിദിനമായ ഡിസംബര്‍ 13ന് ഇരിങ്ങാലക്കുട കൂടല്‍മണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് പത്മജോതി പുരസ്ക്കാരങ്ങളുടെ സമര്‍പ്പണം നടത്തും.