അപൂര്‍വ ശേഖരവുമായി ക്രൈസ്റ്റ് കോളജില്‍ ഭൗമചരിത്ര മ്യൂസിയം തുറന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ഓട്ടോണമസ് കോളജിലെ ജിയോളജി മ്യൂസിയവും കാമ്പസിലെ ജൈവവൈവിധ്യങ്ങളുടെ ഡേറ്റാബേസ് ആയ ക്യാമ്പ് ജിസ്സും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തു. കേന്ദ്ര ഊര്‍ജ സഹമന്ത്രി ഭഗവന്ത് ഖുബയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ക്രൈസ്റ്റ് കലാലയത്തില്‍ ചാവറ ബ്ലോക്കിലാണ് നാച്ചുറല്‍ ജിയോളജി മ്യൂസിയം സ്ഥിതിചെയ്യുന്നത്. അഞ്ഞൂറിലധികം ശിലകളും ധാതുക്കളും
ഫോസിലുകളും മൂല്യങ്ങളും കൊണ്ട് സമ്പന്നമാണ് മ്യൂസിയം. കോടാനുകോടി വര്‍ഷം പഴക്കമുള്ളതും വംശനാശം സംഭവിച്ചതുമായ സമുദ്രജീവികള്‍, ജൈവാവശിഷ്ടങ്ങള്‍, ഉല്ക്കശകലങ്ങള്, അപൂര്‍വ്വ ധാതുക്കള്‍ തുടങ്ങി നിരവധി ആകര്‍ഷകമായ ശേഖരമാണ് മ്യൂസിയത്തില്‍ ഉള്ളത്. വജ്രം കാണപ്പെടുന്ന ആഗ്നേയ ശിലയായ കിമ്പര്ലൈറ്റ്, വിഗ്രഹങ്ങള്‍ കൊത്തുന്ന കൃഷ്ണശില, അവസാദ ശിലയായ മണല്‍ക്കല്ലുകള്‍, ചുണ്ണാമ്പ് കല്ലുകള്‍, കായാന്തരിത ശിലയായ വെണ്ണ കല്ലുകള്‍, നവരത്നങ്ങളില്പെട്ട മരതകം, ഇന്ദ്രനീലം, വൈഡൂര്യം, മാണിക്യം, നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ധാതുക്കളായ കല്‍ക്കരി, ബോക്സൈറ്റ്, ആസ്ബറ്റോസ്, മാഗ്നെറ്റ്, ഹേമറ്റൈറ്റ്, അസൂറൈറ്റ് എന്നിവയുടെ ശേഖരം മൂസിയത്തില്‍ ഉണ്ട്. കൂടാതെ പുരാവസ്തു ഖനനം നടക്കുന്ന മതിലകം പട്ടണം പ്രദേശത്തുനിന്നും ലഭിച്ച ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ട് മുതലുള്ള ഒട്ടേറെ മുത്തുകള്‍, മണ്‍കുട ശകലങ്ങള്‍ എന്നിവയും ഈ ഭൗമചരിത്ര മ്യൂസിയത്തിന്റെ ശേഖരത്തില്‍ ഉണ്ട്. മ്യൂസിയത്തോട് ചേര്‍ന്നുള്ള റോക്ക് ഗാര്‍ഡനും പൊതുജന ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുനിന്നുള്ള കല്ലുകളുടെ വിപുല ശേഖരമാണ് റോക്ക് ഗാര്‍ഡനില്‍ ഉള്ളത്.
ക്രൈസ്റ്റ് കാമ്പസിലെ ജൈവ വൈവിധ്യങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയതാണ് ക്യാമ്പ് ജിസ് ഡാറ്റാബേസ്. കാമ്പസിലെ സസ്യജാലത്തിന്റെ സമ്പൂര്‍ണ വിവരവും സ്ഥാനവും നിര്‍ണയിച്ച് ശേഖരിച്ചിരിക്കുന്നു ക്യാമ്പ് ജിസ്സില്. അനുബന്ധമായി കൊടുത്തിരിക്കുന്ന കോഡ് സ്കാന്‍ ചെയ്താല്‍ ലഭിക്കുന്ന രീതിയിലാണ് വിവരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന യോഗത്തില്‍ മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ്, ജിയോളജി വകുപ്പ് മേധാവി ഡോ. ലിന്റോ ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.