കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചു, വെള്ളക്കെട്ടില്‍ വലഞ്ഞ് ഇരുപതിലേറെ കുടുംബങ്ങള്‍
എടതിരിഞ്ഞി: കെഎല്‍ഡിസി കനാലിലെ കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചതോടെ പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള കൂത്തുമാക്കല്‍, മേനാലി, കാക്കാത്തുരുത്തി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കെഎല്‍ഡിസി കനാലിനോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളും 20ലേറെ വീടുകളുമാണ് വേനലിലും വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. പഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് കാക്കാത്തുരുത്തി, മേനാലി മേഖല. പ്രളയത്തിലും മുന്‍ വര്‍ഷങ്ങളിലുണ്ടായ കാലവര്ഷങ്ങളിലും ഏറ്റവും കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയത് കനാലിനോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശങ്ങളിലാണ്. ഒന്നാം വാര്‍ഡിലുള്ള വീടുകള്‍ക്ക് വര്‍ഷം മുഴുവന്‍ വെള്ളക്കെട്ട് ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷംതോറും കനോലി കനാലില്‍ നിന്നും ഉപ്പുവെള്ളം കടക്കാതിരിക്കാന്‍ കൂത്തുമാക്കല്‍ ഷട്ടര്‍ അടയ്ക്കുന്നതോടെയാണ് ഈ പ്രശ്നമെന്ന് പഞ്ചായത്തംഗം കെ.എം. പ്രേമവത്സന്‍ പറഞ്ഞു. 16 ഷട്ടറുകളാണ് കൂത്തുമാക്കലിലുള്ളത്. ചിമ്മിനി, മുപ്ലിയം മുതലായ സ്ഥലങ്ങളില്‍ നിന്നും കെഎല്‍ഡിസി കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഷട്ടറില്‍ വന്ന് അടിയുന്നത് ഇവിടെയാണ്. അതുകൊണ്ടു തന്നെ വീടുകളുടെ മുറ്റം വരെ വെള്ളം കയറിയ നിലയിലാണ്. ഇനിയും വെള്ളം കയറിയാല്‍ വീടുകളില്‍ നിന്നും മാറി താമസിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനം. ഇറിഗേഷന്‍ അധികൃതരോട് ഷട്ടര്‍ തുറന്ന് വെള്ളം തുറന്ന് വിടാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് പഞ്ചായത്തംഗം പറഞ്ഞു. എന്നാല്‍ ഷട്ടറുകള്‍ തുറന്നാല്‍ ഉപ്പ് വെള്ളം കയറുമെന്നും ചിമ്മിനി ഡാമില്‍ നിന്ന് എത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി കളഞ്ഞ് പാഴാക്കാന്‍ കഴിയില്ലെന്നും കനാലില്‍ നിന്നുള്ള ഉപ തോടുകള്‍ അടയ്ക്കുന്നതില്‍ പഞ്ചായത്ത് വരുത്തുന്ന വീഴ്ചയാണ് വെള്ളം കയറാന്‍ കാരണമാകുന്നതെന്നും ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഉപതോടുകള്‍ നേരത്തെ തന്നെ കെട്ടിയതാണെന്നും പലകകള്‍ ചിലര്‍ മാറ്റുന്നതാണ് പ്രശ്നത്തിന് കാരണമാകുന്നതെന്നും തോടുകള്‍ കെട്ടാനുളള പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നും രണ്ട് ഷട്ടറുകള്‍ എങ്കിലും തുറന്ന് വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അറിയിച്ചു. കെഎല്‍ഡിസി കനാലിന്റെ ഇരുകരകളും മണ്ണിട്ട് ഉയര്‍ത്തുകയും കൃഷിസ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്ന ചെറുതോടുകളിലെ ചീപ്പുകള്‍ മാറ്റി ഷട്ടറുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.