ഇരിങ്ങാലക്കുടയുടെ പച്ചക്കുട: സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ തുടക്കമായി
ഇരിങ്ങാലക്കുട: കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തതയോടൊപ്പം തരിശ് രഹിത ഇരിങ്ങാലക്കുട എന്ന ആശയം മുന്നോട്ട് വച്ച് ഇരിങ്ങാലക്കുടയില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ പച്ചക്കുട കേരളത്തിന് മാതൃകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷിക, മൃഗസംരക്ഷണ, ക്ഷീര വികസന, ഫിഷറീസ്, ആയുഷ്, ഹരിത കേരളം, ടൂറിസം തുടങ്ങിയ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന കാര്‍ഷിക പ്രാധാന്യമുള്ള പദ്ധതികള്‍ ഏകോപിപ്പിച്ച് സംസ്ഥാനത്ത് ആദ്യമായാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും പച്ചക്കുടയുടെ ചെയര്‍പേഴ്സണുമായ ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ഇരിങ്ങാലക്കുട പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ് ഘോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രന്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.ആര്. ജോജോ, ലത സഹദേവന്, കെ.എസ്. തമ്പി, കെ.എസ്. ധനീഷ്, സീമ പ്രേമരാജ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലത ചന്ദ്രന് സ്വാഗതവും വെള്ളാങ്കല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു.