ഉത്സവഛായ പകര്‍ന്ന് ഘോഷയാത്ര, കൗമാര കലോത്സവത്തിന് പ്രൗഢതുടക്കം
ഇരിങ്ങാലക്കുട: കലാസാംസ്കാരിക നഗരിയെ ആഘോഷത്തിലാറാടിച്ച ഘോഷയാത്രയോടെ കൗമാരകലോത്സവത്തിന് പ്രൗഢ തുടക്കം. സര്‍ഗാത്മക വസന്തത്തിന്റെ ഓര്മപ്പെടുത്തലിനൊപ്പം പതിനൊന്നു വര്‍ഷത്തിനുശേഷം എത്തിയ കലോത്സവത്തെ നാട് ഉള്ളറിഞ്ഞ് വരവേറ്റു. കലോത്സവത്തിന്റെ വരവറിയിച്ച് നടന്ന വര്‍ണാഭമായ ഘോഷയാത്ര ഇരിങ്ങാലക്കുടയെ വലംവെച്ചു. ബാന്‍ഡ് വാദ്യവും ശിങ്കാരിമേളവും മേളക്കൊഴുപ്പേകിയ ഘോഷയാത്രയില്‍ നിറങ്ങള്‍ നിറഞ്ഞാടി. ഇനി മൂന്നുനാള്‍ ഇരിങ്ങാലക്കുടയ്ക്ക് സംഗീത-നൃത്തകലാ സപര്യയുടെ ചാരുത. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് സെന്റ് മേരീസ് ഹൈസ്കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ടൗണ്‍ ഹാളില്‍ സമാപിച്ചു. ഘോഷയാത്രയുടെ വരവറിയിച്ചുള്ള വാഹനത്തിനു പുറകെ കുതിര, അതിനു ശേഷം സ്വര്‍ണക്കപ്പ് വഹിച്ചുള്ള തുറന്ന ജീപ്പ്, ഇതിനു പുറകെ തിറയും തെയ്യവും മേളവും, വിശിഷ്ടവ്യക്തികള്‍, സ്കെയിറ്റിംഗ് ടീം, ശിങ്കാരിമേളം, ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂള്‍, സെന്റ് ജോസഫ്സ് കരുവന്നൂര്‍ സ്കൂള്‍, എടതിരിഞ്ഞി എച്ച്ഡിപി സ്കൂള്‍ എന്നിവിടങ്ങളിലെ ബാന്‍ഡ് വാദ്യങ്ങള്‍, ഡോണ്‍ബോസ്കോ സ്കൂള്‍, ഗവണ്മെന്റ് ഗേള്‍സ് സ്കൂള്‍, ഗവണ്മെന്റ് ബോയ്സ് സ്കൂള്‍, ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, നാഷണല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഘോഷയാത്രയില്‍ അണിനിരന്നു. കേരളത്തിന്റെ തനതുകലാരൂപമായ തെയ്യവും തിറയും വിവിധ വര്‍ണങ്ങളിലൂള്ള ബലൂണുകളും ബഹുവര്ണതൊപ്പികളും ഗരുഡവേഷധാരികളും നഗരത്തിന് ഉത്സവഛായ പകര്‍ന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, ഡിഇഒ എസ്. ഷാജി, ജസ്റ്റിന് ജോണ്‍, നഗരസഭ ഉപാധ്യക്ഷന്‍ ടി.വി. ചാര്‍ളി, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ എം.ആര്. ഷാജു, ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.