സാംസ്കാരിക നഗരത്തില്‍ ഇനി കൗമാര കലയുടെ രാപകലുകള്‍
ഇരിങ്ങാലക്കുട: കൗമാര പ്രതിഭകളുടെ സംഗമവേദിയാവുകയാണ് വീണ്ടും ഇരിങ്ങാലക്കുട. ചിലങ്കയുടെ മണിനാദങ്ങളും വള കിലുക്കങ്ങളും പാട്ടിന്റെ പാലാഴിയും വാദ്യമേളങ്ങളുടെ ചിറകടിപ്പെരുക്കങ്ങളുമായി കൗമാര കലോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു. 11 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇരിങ്ങാലക്കുടയില്‍ റവന്യു കലോത്സവം നടക്കുന്നത്. 2011 ലാണ് അവസാനമായി കലോത്സവം നടന്നത്. അന്ന് ഇരിങ്ങാലക്കുട ഉപജില്ലയാണ് ഓവറോള്‍ ജേതാക്കളായത്. 2019 ല്‍ അവസാനമായി നടന്ന കലോത്സവത്തിലും ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളായി അഭിനയ-ഭാവ ശില്പങ്ങളായി പ്രതിഭകള്‍ പെയ്തിറങ്ങാന്‍ എല്ലാ അര്‍ഥത്തിലും ജില്ലയിലെ സാംസ്കാരിക നഗരമായ ഇരിങ്ങാലക്കുട നഗരി ഒരുങ്ങികഴിഞ്ഞു. ഇന്നലെ രാവിലെ മുതല്‍ കൗമാര പ്രതിഭകളുടെ വരവായിരുന്നു. ഉണ്ണായിവാര്യര്‍, അമ്മന്നൂര്‍ മാധവചാക്യാര്‍ തുടങ്ങി ഒട്ടേറെ മഹാന്മാരായ കലാകാരന്മാരുടെ ജന്മഭൂമിയില് ഇനിയുള്ള നാലുനാളുകള്‍ കൗമാരത്തിന്റെ കലാവിസ്മയം അരങ്ങേറും. കഥകളി, കൂത്ത്, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നീ ക്ഷേത്രകലകളുടെ ഈറ്റില്ലമാണ് ഇരിങ്ങാലക്കുട.
ഉപജില്ലകള്‍ പങ്കാളികള്‍
ഇരിങ്ങാലക്കുട: ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് മത്സരവേദികളില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ അണിനിരത്തുന്നത് ആതിഥേയരായ ഇരിങ്ങാലക്കുടയാണ്. മുല്ലശേരി ഉപജില്ലയില്‍ നിന്നാണ് കുട്ടികള്‍ കുറവ്.
പങ്കെടുക്കുന്ന ഉപജില്ലകളും മത്സരാര്ഥികളും:
ചേര്‍പ്പ്-591
തൃശൂര്‍ ഈസ്റ്റ്-589
തൃശൂര്‍ വെസ്റ്റ്-595
ചാലക്കുടി-575
ഇരിങ്ങാലക്കുട-649
കൊടുങ്ങല്ലൂര്‍-542
മാള-550
ചാവക്കാട്-564
കുന്നംകുളം-596
മുല്ലശേരി-507
വലപ്പാട്-561
വടക്കാഞ്ചേരി-595
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതം ഈ മേള
ഇരിങ്ങാലക്കുട: 16 വേദികളും പരിസരവും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവിടെ അനുവദിക്കുന്നില്ല. കവര്‍, കുപ്പി, ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്ന പ്ലാസ്റ്റിക് എന്നിവയ്ക്കെല്ലാം വിലക്കുണ്ട്. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലേറ്റ്, കപ്പ് എന്നിവയും പാടില്ല. ഹരിതനിയമം പാലിക്കാനുള്ള കമ്മിറ്റിയുടെ കൗണ്ടര്‍ എല്ലാവേദിയിലും ഉണ്ട്. മാലിന്യങ്ങള്‍ ശേഖരിക്കുവാന്‍ തെങ്ങോലയില്‍ തീര്‍ത്ത കുട്ടകള്‍ പ്രധാന വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭായമായുള്ള സന്ദേശങ്ങള്‍ പനയോലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.